സ്വാതന്ത്യസമര രക്തസാക്ഷി പട്ടികയില്‍ നിന്നും വാരിയന്‍ കുന്നനെയും ആലി മുസ്‌ലിയാരെയും മാറ്റണം ; കേന്ദ്രസര്‍ക്കാരിനോട് ഹിന്ദു ഐക്യവേദി
national news
സ്വാതന്ത്യസമര രക്തസാക്ഷി പട്ടികയില്‍ നിന്നും വാരിയന്‍ കുന്നനെയും ആലി മുസ്‌ലിയാരെയും മാറ്റണം ; കേന്ദ്രസര്‍ക്കാരിനോട് ഹിന്ദു ഐക്യവേദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th September 2020, 7:19 pm

കോഴിക്കോട്: പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്നും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്‌ലിയാരെയും ഒഴിവാക്കണമെന്ന് ഹിന്ദു ഐക്യവേദി.

മലബാര്‍ കലാപത്തില്‍ ഏര്‍പ്പെട്ടവര്‍ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവരാണെന്നും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാര്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ടത് ശരിക്കും ഞെട്ടലുളവാക്കുന്നുമെന്നുമാണ് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ഫേസ്ബുക്കില്‍ കുറിച്ചത്.

തുര്‍ക്കിയിലെ ഖലീഫക്ക് വേണ്ടി അഫ്ഗാനിലെ അമീറിനെ കാത്ത് ഏതാനും മാസങ്ങള്‍ നടത്തിയ ഇസ്‌ലാമിക ആക്രമണമായിരുന്നു 1921 ലെ മാപ്പിള ലഹളയെന്നും വാസ്തവത്തില്‍ അത് ഇസ്‌ലാമിക ഭരണ സ്ഥാപനമാണ് ലക്ഷ്യമാക്കിയതെന്നും ശശികല പറഞ്ഞത്. അതിന് വേണ്ടി സ്വത്തും മാനവും മതവും ആരാധനാലയങ്ങളും നഷ്ടപ്പെട്ടത് അവിടുത്തെ ഹിന്ദുക്കള്‍ക്കാണ്. തികഞ്ഞ വംശഹത്യയാണ് മാപ്പിള ലഹളയില്‍ നടന്നത്. പിന്നീട് കേരളത്തിലെ ഭരണാധികാരികള്‍ വോട്ടുബാങ്കിനു വേണ്ടി ഈ ലഹളക്കാരെ വെള്ളപൂശുകയും മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമാക്കി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയതു. അതിനെ പിന്‍പറ്റിയാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും സ്വാതന്ത്ര്യ സമര പോരാളികളായി ചരിത്ര നിഘണ്ടുവില്‍ സ്ഥാനം പിടിച്ചത് എന്നുമാണ് ശശികല പറഞ്ഞിരിക്കുന്നത്.

അലി മുഹമ്മദ് നൗഷാദ് അലി, മുഹമ്മദ് ഷക്കീബ് അല്‍ത്താര്‍, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ റിസേര്‍ച്ച് ആന്റ് എഡിറ്റോറിയല്‍ ടീമാണ് ഇപ്പോഴത്തെ നിഘണ്ടുവില്‍ ചരിത്ര വിരുദ്ധമായ ഈ വളച്ചൊടിക്കല്‍ നടത്തിയതെന്നും ശശികല ആരോപിച്ചു.

സ്വാതന്ത്യസമര രക്തസാക്ഷി പട്ടികയില്‍ നിന്നും വംശഹത്യ നടത്തിയ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ആലിമുസ്ലിയാരേയും ഒഴിവാക്കണം. ഈ പട്ടിക ഉള്‍പ്പെട്ട പുസ്തകം പിന്‍വലിക്കണം. അത് ഇരകളുടെ കുടുംബത്തോട് ചെയ്യുന്ന സാമാന്യ നീതിയാണ്. മാത്രമല്ല യഥാര്‍ത്ഥ രക്തസാക്ഷികളുടെ മഹിമ കുറയാനും വിശ്വാസ്യത സംശയിക്കാനും ഈ ചരിത്ര നിഘണ്ടു ഇടയാക്കുമെന്നുമാണ് ശശികല പറഞ്ഞിരിക്കുന്നത്.

പ്രധാനമന്ത്രി പുറത്തിറക്കിയ ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ട പ്രസിദ്ധീകരണത്തിലാണ് വാരിയന്‍കുന്നത് കുഞ്ഞ്ഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും പേര് ഉള്‍പ്പെട്ടിരിക്കുന്നത്.

2018ലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് പങ്കാളികളായവരുടെ പേരാണ് പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാറിലെ മൊയ്ദീന്‍ ഹാജിയുടെയും ആമിനക്കുട്ടിയുടെയും മകനായാണ് ജനിച്ചത്, തുടങ്ങി അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ മലബാര്‍ വിപ്ലവ ചരിത്രത്തെക്കുറിച്ച് പൃഥിരാജ് നായകനായി ആഷിക് അബു സംവിധാനം ചെയ്യാനൊരുങ്ങുന്ന വാരിയന്‍കുന്നന്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തിരികൊളുത്തിയിരുന്നു.

ആഷിഖ് അബു ചിത്രം അനൗണ്‍സ് ചെയ്തുകൊണ്ട് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം വലിയ സൈബര്‍ ആക്രമണം സംഘപരിവാറില്‍ നിന്ന് നേരിട്ടിരുന്നു. ചിത്രത്തിനെതിരെ ഹിന്ദുഐക്യവേദിയും ബി.ജെ.പി നേതാക്കളും പരസ്യമായി രംഗത്ത് വന്നിരുന്നു.

മലബാര്‍ സമരം ഹിന്ദു വിരുദ്ധമായിരുന്നെന്നും സ്വാതന്ത്ര്യ സമരവുമായി അതിന് യാതൊരു വിധ ബന്ധവുമില്ലെന്നും സംഘപരിവാര്‍ നേതാക്കളടക്കം വലിയ രീതിയില്‍ പ്രചരണങ്ങള്‍ നടത്തുന്ന സമയത്ത് തന്നെയാണ് പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ പേരും അടങ്ങിയിരിക്കുന്നത് എന്നത് ശ്രദ്ധേയമായിരിക്കുന്നത്.

കെ.പി ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് മാപ്പിള ലഹളക്കാരെ ഒഴിവാക്കണം .
ഹിന്ദു ഐക്യവേദി
……………………………………………………………
കേന്ദ്ര സർക്കാരിൻ്റെ സാംസ്കാരിക വകുപ്പും ഐസിഎച്ച്ആറും ചേർന്ന്
തമിൾനാട് ,കേരള, ആന്ധ്ര, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ സമരവുമായി ബന്ധപ്പെട്ട രക്തസാക്ഷി പട്ടിക പുറത്തിറക്കിയതിൽ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നൽകിയ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലിമുസലിയാർ എന്നിവരുടെ പേരുകൾ ഉൾപ്പെട്ടത് ശരിക്കും ഞെട്ടലുളവാക്കുന്നു . തുർക്കിയിലെ ഖലീഫക്ക് വേണ്ടി അഫ്ഗാനിലെ അമീറിനെ കാത്ത് ഏതാനും മാസങ്ങൾ നടത്തിയ ഇസ്ലാമിക ആക്രമണമായിരുന്നു 1921 ലെ മാപ്പിള ലഹള .വാസ്തവത്തിൽ അത് ഇസ്ലാമിക ഭരണ സ്ഥാപനമാണ് ലക്ഷ്യമാക്കിയത് .അതിന് വേണ്ടി സ്വത്തും മാനവും മതവും ആരാധനാലയങ്ങളും നഷ്ടപ്പെട്ടത് അവിടുത്തെ ഹിന്ദുക്കൾക്കാണ്. തികഞ്ഞ വംശഹത്യയാണ മാപ്പിള ലഹളയിൽ നടന്നത് .പിന്നീട് കേരളത്തിലെ ഭരണാധികാരികൾ വോട്ടുബാങ്കിനു വേണ്ടി ഈ ലഹളക്കാരെ വെള്ളപൂശുകയും മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമാക്കി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുകയും ചെയതു . അതിനെ പിൻപറ്റിയാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും സ്വാതന്ത്ര്യ സമര പോരാളികളായി ചരിത്ര നിഘണ്ടുവിൽ സ്ഥാനം പിടിച്ചത് .
അലി മുഹമ്മദ് നൗഷാദ് അലി, മുഹമ്മദ് ഷക്കീബ് അൽത്താർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ റിസേർച്ച് ആന്റ് എഡിറ്റോറിയൽ ടീമാണ് ഇപ്പോഴത്തെ നിഘണ്ടുവിൽ ചരിത്ര വിരുദ്ധമായ ഈ വളച്ചൊടിക്കൽ നടത്തിയത് .ഇരകളാക്കപ്പെട്ട ജനതയോടുള്ള കൊടും ക്രൂരതയാണിത് . നാടിന്റെ സംസ്കാരത്തിലും പുരോഗതിയിലും ശാക്തീകരണത്തിലും ബദ്ധശ്രദ്ധ പുലർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇടപെട്ട് സത്യത്തിനും ചരിത്ര വസ്തുതകൾക്കും വിരുദ്ധമായ ഈ നിഘണ്ടു പിൻവലിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം . സാംസ്കാരിക വകുപ്പും ഇന്ത്യൻ ചരിത്ര ഗവേഷക വകുപ്പും അവരുടെ തെറ്റു തിരുത്തി
സ്വാതന്ത്യസമര രക്തസാക്ഷി പട്ടികയിൽ നിന്നും വംശഹത്യ നടത്തിയ വാരിയൻ കുന്നത്ത് കഞ്ഞഹമ്മദ് ഹാജിയേയും ആലിമുസലിയാരേയും ഒഴിവാക്കണം. ഈ പട്ടിക ഉൾപ്പെട്ട പുസ്തകം പിൻവലിക്കണം. അത് ഇരകളുടെ കുടുംബത്തോട് ചെയ്യുന്ന സാമാന്യ നീതിയാണ്. മാത്രമല്ല യഥാർത്ഥ രക്തസാക്ഷികളുടെ മഹിമ കുറയാനും വിശ്വാസ്യത സംശയിക്കാനും ഈ ചരിത്ര നിഘണ്ടു ഇടയാക്കും.
K P ശശികല

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: kp sasikala hindu aikyavedi oppose dictionary of martyrs Variyankunnath kunjahammad haji