ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശിലെ മലാന, കസോള്‍, തോഷ് പ്രദേശങ്ങളില്‍ ലഹരി തേടി പോവുന്നവര്‍ക്കെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി ഹിമാചല്‍ പ്രദേശ് മന്ത്രിസഭ.
നാര്‍ക്കോട്ടിക് ആന്‍ഡ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റന്‍സ് ആക്റ്റ് പുനര്‍നിര്‍മിച്ച്, ലഹരിവസ്തുക്കള്‍ കൈവശം വെയ്ക്കുന്നവരേയും ഉപയോഗിക്കുന്നവരേയും നിയമത്തിന് മുന്നിലേക്ക് എത്തിക്കാനുള്ള കര്‍ക്കശ നീക്കത്തിലാണ് തങ്ങള്‍ എന്ന് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലഹരിവസ്തുക്കളുമായി പിടിക്കപ്പെടുന്നവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലിലടയ്ക്കുന്നതുള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ പരിഗണനയിലാണ്.
ഈ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വെയ്ക്കുമെന്നും ബി.ജെ.പി മന്ത്രിയായ ജയ്‌റാം കൂട്ടിച്ചേര്‍ത്തു.
2012 ദല്‍ഹി ഹൈക്കോടതി വിധി പ്രകാരം ചെറിയ അളവ് ലഹരിവസ്തുവുമായി പിടിക്കപ്പെടുന്നവര്‍ക്ക് ജാമ്യം നല്‍കണം. ഈ നിയമത്തില്‍ മാറ്റം വരുത്താനാണ് സര്‍ക്കാരിന്റെ നീക്കം.
കണക്കുകള്‍ പ്രകാരം ഹിമാചലിലെ നാലിലൊന്ന് യുവാക്കള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരോ, വില്‍ക്കുന്നവരോ ആണ്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 94 കിലോ ഹാഷിഷ്, 3 കിലോ ഓപിയം, 480 ഗ്രാം ഹെറോയിന്‍ എന്നിവയാണ് ഹിമാചലില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്.
സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നായ മലാന, കസോള്‍, തോഷ്, പാര്‍വതി താഴ്വര എന്നിവ പ്രധാനമായും നിലനില്‍ ക്കുന്നത് ലഹരി വസ്തുക്കളില്‍ നിന്നുള്ള വരുമാനം വഴിയാണ്.