ബെംഗളൂരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബി.ജെ.പി ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം എടുത്തുകളയുമെന്ന് നിയുക്ത എം.എല്‍.എ കനീസ് ഫാത്തിമ. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഏക മുസ്‌ലിം വനിതാ എം.എല്‍.എയായ കനീസ വിജയ പ്രഖ്യാപനം വന്നയുടനെ സ്‌ക്രോളിനാട് പ്രതികരിക്കുകയായിരുന്നു.
‘ ദൈവഹിതമുണ്ടെങ്കില്‍ വരും ദിവസങ്ങളില്‍ ഞങ്ങള്‍ ഹിജാബ് നിരോധനം എടുത്തുകളയും. പെണ്‍കുട്ടികള്‍ക്ക് തിരികെ പഠിക്കാനുള്ള അവസരം നല്‍കും. അവര്‍ക്ക് പരീക്ഷകള്‍ എഴുതാന്‍ സാധിക്കും.
കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കി കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥിനികള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചിരുന്നു.
ഈ വര്‍ഷം മാര്‍ച്ചിലും ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പറഞ്ഞിരുന്നു. ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലെന്നും ഹിജാബ് ധരിച്ച് പരീക്ഷയെഴുതണം എന്ന് നിര്‍ബന്ധമുള്ളവരെ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്നുമായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.
എന്നാല്‍ ബി.ജെ.പിയുടെ വിലക്കിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധങ്ങളും നടന്നിരുന്നു. ബി.ജെ.പിയുടെ ഹിജാബ് വിലക്ക് ഉള്‍പ്പെടെയുള്ള വര്‍ഗീയ നിലപാടുകള്‍ക്കുള്ള മറുപടിയാണ് തെരഞ്ഞടുപ്പ് തോല്‍വി.
അതേസമയം കര്‍ണാടകയില്‍ റീകൗണ്ടിങ്ങിലൂടെ കോണ്‍ഗ്രസ്- 135, ബി.ജെ.പി- 66, ജെ.ഡി.എസ്- 19 എന്നിങ്ങനെ സീറ്റ് നില മാറിയിട്ടുണ്ട്. എന്നാല്‍ ആരാകും കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്നും കോണ്‍ഗ്രസ് ഇതുവരെ അറിയിച്ചിട്ടില്ല.
CONTENT HIGHLIGHT: Hijab ban will be lifted; Kanees Fatima with the announcement