ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കും; ഹൈക്കോടതി
Kerala News
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കും; ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th September 2024, 11:28 am

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കും.

റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ കേസുകള്‍ ഉണ്ടാവാനുള്ള സാധ്യത പരിഗണിച്ചാണ് ഈ തീരുമാനം. റിപ്പോര്‍ട്ട് പുറത്ത് വിടുന്നതുമായി നിര്‍മാതാവ് സജി മോന്‍ പാറയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈക്കാര്യം പറഞ്ഞത്.

വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ഉയര്‍ന്ന ആരോപണങ്ങളിലെ പരാതികളും തുടര്‍ നടപടികളും ജാമ്യാപേക്ഷകളും ഇനി മുതല്‍ ഈ ബെഞ്ച് ആവും പരിഗണിക്കുക. ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഷ്താഖ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.

റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്, നടന്‍മാരായ മുകേഷ്, ജയസൂര്യ, സിദ്ദിഖ്, ഇടവേള ബാബു, റിയാസ്ഖാന്‍ എന്നിവര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്നിരുന്നു.

എന്നാല്‍ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചില്‍ ഏതൊക്കെ ജഡ്ജിമാരുണ്ടാവുമെന്ന് കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ആക്ടിങ് ചീഫ് ജസ്റ്റിസാണ് ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുക.

അതേസമയം റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ നാല് ദിവസത്തിനകം സര്‍ക്കാര്‍ പൂര്‍ണ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും എന്നാണ് സൂചന. കോടതിയുടെ പുതിയ തീരുമാനം അനുസരിച്ച് റിപ്പോര്‍ട്ട് പ്രത്യേക ബെഞ്ച് പരിഗണിക്കാനാണ് സാധ്യത.

Content Highlight: High court will form separate bench for Hema Committee report