Kerala News
കുപ്പിവെള്ള വിലയില്‍ ഹൈക്കോടതി സ്‌റ്റേ; വില നിര്‍ണയിക്കേണ്ടത് കേന്ദ്രസര്‍ക്കാരെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 15, 06:29 am
Wednesday, 15th December 2021, 11:59 am

കൊച്ചി: കുപ്പിവെള്ള വിലയില്‍ സ്റ്റേ ഏര്‍പ്പെടുത്തി ഹൈക്കോടതി. കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവിനാണ് ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കുപ്പിവെള്ള ഉത്പാദക സമിതിയുടെ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നത്. വെള്ളത്തിന്റെ വില നിര്‍ണയിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് ഹൈക്കോടതി പറഞ്ഞു.

വില വര്‍ധിപ്പിക്കുന്നതില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി. വില നിര്‍ണയത്തില്‍ വേണ്ട നടപടികള്‍ അറിയിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് കുപ്പിവെള്ളത്തിന് വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. പല വിലയ്ക്കും വെള്ളം വില്‍ക്കുന്നതും വില നിയന്ത്രണത്തിന് കാരണമായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ പരാമാവധി വില ഒരു ലിറ്ററിന് 13 രൂപയായി നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17 മുതല്‍ ഈ വില പ്രാബല്യത്തില്‍ വരികയും ചെയ്തു.

ഈ ഉത്തരവ് പ്രകാരം എല്ലാ കമ്പനികളും പരമാവധി വില 13 രൂപ എന്ന് പാക്കേജില്‍ മുദ്ര ചെയ്യണമായിരുന്നു.

ഇതിന് പിന്നാലെ സംസ്ഥാനത്ത് ഉയര്‍ന്ന വിലയ്ക്ക് കുപ്പിവെള്ളം വില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാരെയും താലൂക്ക് സപ്ലൈ ഓഫിസറേയും ചുമതലപ്പെടുത്തിയിരുന്നു.

ഇതിനെതിരെ കുപ്പിവെള്ള ഉത്പാദക സമിതി സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

നേരത്തെ കുപ്പിവെള്ളത്തിന് 12 രൂപയാക്കാന്‍ കേരള ബോട്ടില്‍സ് വാട്ടര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ശ്രമിച്ചിരുന്നെങ്കിലും നടപ്പിലായിരുന്നില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: High court stay on bottled water price