കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രിയും പത്തനംതിട്ട എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ തോമസ് ഐസക്കിന് ഇടക്കാല ആശ്വാസം. സ്ഥാനാര്‍ത്ഥിയായിരിക്കുന്ന സമയത്ത് പ്രസ്തുത കേസില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യരുതെന്ന് ഹൈക്കോടതി പറഞ്ഞു. വേനലവധിക്ക് ശേഷം കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.
പ്രധാനപ്പെട്ട ചില വിഷയങ്ങളില്‍ തോമസ് ഐസക്ക് വ്യക്തത വരുത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന ഏതാനും വിവരണങ്ങള്‍ ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പിന്നാലെയാണ് കോടതി കേസിലുളള നിലപാട് വ്യക്തമാക്കുന്നത്.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തോമസ് ഐസക്ക് വ്യക്തമാക്കേണ്ടി വരുമെന്ന് കോടതി നിരീക്ഷിച്ചത്. ഐസക്കിനെ നേരിട്ട് വിളിക്കണമോയെന്നും അല്ലാത്തപക്ഷം രേഖാമൂലം ഉത്തരം നല്‍കിയാല്‍ മതിയോയെന്നും ഇ.ഡിക്ക് തീരുമാനിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഐസക്കിനെ ചോദ്യം ചെയ്യില്ലെന്നും മറ്റൊരു ദിവസം കേസില്‍ ഹാജരാകാനുള്ള തീയതി മുന്‍ ധനമന്ത്രി അറിയിക്കണമെന്നും ഇ.ഡി. കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടില്ലെന്ന് ജസ്റ്റിസ് ടി.ആര്‍. രവി വ്യക്തമാക്കി.
മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കില്‍ തോമസ് ഐസക്കിന്റെ മൊഴി എടുക്കണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം.