ഓട്ടോയില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍സീറ്റിലിരുന്നുള്ള യാത്രയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ല: ഹൈക്കോടതി
Kerala News
ഓട്ടോയില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍സീറ്റിലിരുന്നുള്ള യാത്രയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ല: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th November 2021, 10:30 pm

കൊച്ചി: ഡ്രൈവര്‍ക്കൊപ്പം ഓട്ടോറിക്ഷയുടെ മുന്‍സീറ്റിലിരുന്ന് സഞ്ചരിക്കുന്ന യാത്രക്കാരന് അപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹതയുണ്ടാവില്ലെന്ന് ഹൈക്കോടതി.

ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ ഡ്രൈവറോടൊപ്പം മുന്‍സീറ്റിലിരുന്ന യാത്രചെയ്യവെ അപകടത്തില്‍ പരിക്കേറ്റ മംഗലാപുരം സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

ജസ്റ്റിസ് കെ. ബദറുദീനാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

2008ലായിരുന്നു ഇതിന് ആസ്പദമായ സംഭവം നടന്നത്.

കാസര്‍ഗോഡ് സ്വദേശിയായ ബൈജുമോനൊപ്പം ഗുഡ്‌സ് ഓട്ടോയുടെ മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്യവെയാണ് മംഗലാപുരം സ്വദേശിയായ ഭീമയ്ക്ക് പരിക്കേറ്റത്. നിര്‍മാണ സാമഗ്രികളുമായി പോകുമ്പോഴാണ് അപകടം നടന്നത്.

ഇതേത്തുടര്‍ന്ന് ഒന്നര ലക്ഷം രൂപ ഇന്‍ഷുറന്‍സ് ഇനത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇദ്ദേഹം നല്‍കിയ ഹരജിയില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരുന്നു. ഇതിനെതിരെ ഇന്‍ഷുറന്‍സ് കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു.

ഡ്രൈവറുടെ സീറ്റില്‍ അനധികൃതമായി ഇരുന്ന് യാത്ര ചെയ്ത വ്യക്തിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം കോടതി ശരിവെക്കുകയായിരുന്നു.

അതേസമയം, നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ഓട്ടോയുടെ ഉടമയും ഡ്രൈവറുമായ ബൈജുമോനാണെന്നും കോടതി വിലയിരുത്തി.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  High Court rules insurance coverage for the passenger travels with auto driver