ബെയ്റൂട്ട്: ഇസ്രഈലിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹിസ്ബുള്ള 200 ലധികം റോക്കറ്റുകളും ഡ്രോണുകളും തൊടുത്തുവിട്ടതായി റിപ്പോർട്ട്. ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ മുഹമ്മദ് നിമാഹ് നാസറിനെ കഴിഞ്ഞ ദിവസം ഇസ്രഈൽ സൈന്യം കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് നടപടി.
രണ്ട് ദിവസത്തിനിടെ ഇസ്രഈലിൽ ഹിസ്ബുള്ള നടത്തുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്.
ഇസ്രഈൽ ഗസയ്‌ക്കെതിരെ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന ഹിസ്ബുള്ളയുടെ മൂന്നാമത്തെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു മുഹമ്മദ് നിമാഹ് നാസർ. ഇയാളുടെ മരണത്തിന് പിന്നാലെ ഇസ്രഈലിലേക്ക്
നൂറിലധികം റോക്കറ്റുകൾ ഹിസ്ബുള്ള തൊടുത്തുവിട്ടിരുന്നു.
ലെബനൻ-ഇസ്രഈൽ അതിർത്തിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും വലിയ ആക്രമണമായിരുന്നു വ്യാഴാഴ്ച നടന്നത്. ലെബനനിലെ ലോഞ്ച് പോസ്റ്റുകൾ ആക്രമിച്ചെന്ന് ഇസ്രഈൽ സേനയും അവകാശപ്പെട്ടിട്ടുണ്ട്.
എന്നാൽ ഹിസ്ബുള്ളയുടെ ആക്രമണത്തെ തുടർന്ന് വടക്കൻ ഇസ്രഈലിലെ നിരവധി പ്രദേശങ്ങളിൽ തീപിടുത്തമുണ്ടായെന്ന് അന്താരാഷട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ട് കെട്ടിടങ്ങൾക്ക് നേരെ നേരിട്ടുള്ള ആക്രമണം ഉണ്ടായതായും റിപ്പോർട്ടുണ്ട്. നിസ്സാര പരിക്കുകളോടെ രണ്ട് സ്ത്രീകളെ വടക്കൻ ഇസ്രഈലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Content Highlight: Hezbollah fires 200 rockets into Israel after commander killed