ദര്‍ശന കേട്ട ശേഷം ലാലേട്ടനും പ്രണവും പറഞ്ഞത്; മനസുതുറന്ന് ഹിഷാം അബ്ദുള്‍ വഹാബ്
Movie Day
ദര്‍ശന കേട്ട ശേഷം ലാലേട്ടനും പ്രണവും പറഞ്ഞത്; മനസുതുറന്ന് ഹിഷാം അബ്ദുള്‍ വഹാബ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th November 2021, 4:55 pm

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. അടുത്തിടെയാണ് ചിത്രത്തിലെ ദര്‍ശന എന്ന് തുടങ്ങുന്ന ഗാനം പുറത്തുവന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഗാനം ഇതിനോടകം കണ്ടത്.

ദര്‍ശന എന്ന ഗാനത്തിന് സംഗീതം നല്‍കുകയും ആലപിക്കുകയും ചെയ്തത് ഹിഷാം അബ്ദുള്‍ വഹാബാണ്. ഗാനം ആളുകള്‍ ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ഹിഷാം. അതിനൊപ്പം പാട്ട് കേട്ട ശേഷം മോഹന്‍ലാലും പ്രണവും പറഞ്ഞ അഭിപ്രായത്തെ കുറിച്ചും ഹിഷാം കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘പാട്ടിറങ്ങിയ ശേഷം ലാലേട്ടന്‍ വിനീതേട്ടനെ വിളിച്ചിരുന്നു. പാട്ട് ഗംഭീരമായെന്ന് ലാലേട്ടന്‍ പറഞ്ഞു. ആ സന്തോഷം വിനീതേട്ടന്‍ ഞങ്ങളെ അറിയിച്ചു. വലിയ സന്തോഷം തോന്നി. എല്ലാവരിലേക്കും പാട്ടെത്തിയതിലും വളരെ സന്തോഷം തോന്നി.

പാട്ടിറങ്ങിയ ശേഷം ഞാന്‍ അപ്പുവിനെ വിളിച്ചിരുന്നു. അപ്പു ഭയങ്കര സൈലന്റാണ്. പാട്ട് സക്‌സസ് ആയപ്പോഴാണ് ഞാന്‍ അപ്പുവിനെ വിളിക്കുന്നത്. ഞാന്‍ കണ്‍ഗ്രാന്റ്‌സ് പറഞ്ഞപ്പോള്‍ കണ്‍ഗ്രാന്റ്‌സ് ടു യു ഹിഷാം എന്നായിരുന്നു അപ്പുവിന്റെ മറുപടി. കണ്‍ഗ്രാറ്റ്‌സ് ടു അസ് എന്ന് ഞാനും പറഞ്ഞു. അപ്പുവല്ല അപ്പുവിന് ചുറ്റുമുള്ളവരാണ് ഗാനം സെലിബ്രേറ്റ് ചെയ്യുന്നത്, ഹിഷാം പറഞ്ഞു.

പാട്ട് ഗംഭീരമായി എന്ന് പറയുന്നത് ഹൃദയത്തിന് കിട്ടാവുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ്. ഹൃദയത്തില്‍ 15 പാട്ടുണ്ടെന്ന് ആദ്യം പറഞ്ഞിരുന്നില്ലെന്നും 9 പാട്ടെങ്കിലും ഉണ്ടാകുമെന്നായിരുന്നു പറഞ്ഞതെന്നും ഹിഷാം പറയുന്നു.

കഥ പറയുമ്പോള്‍ ആദ്യത്തെ പാട്ടിനെ കുറിച്ച് മാത്രമായിരുന്നു വിനീതേട്ടന്‍ പറഞ്ഞത്. അതുകൊണ്ട് ആ പാട്ടില്‍ മാത്രമായിരുന്നു കോണ്‍സന്‍ട്രേറ്റ് ചെയ്തത്. അതിന് ശേഷമാണ് ഓരോ പാട്ടും ചെയ്യാന്‍ തുടങ്ങിയത്.

പിന്നെ ഒടുവില്‍ നോക്കുമ്പോഴാണ് 15 പാട്ടായെന്ന് മനസിലായത്. ചില ഗാനങ്ങളുടെ ഡ്യൂറേഷനിലും ഫോര്‍മാറ്റിലും വ്യത്യാസമുണ്ട്. ദര്‍ശന ചെയ്യാനായി തയ്യാറെടുക്കുമ്പോള്‍ പാട്ടില്‍ ദര്‍ശന എന്ന വാക്ക് തീര്‍ച്ചയായും വേണമെന്ന് വിനീതേട്ടന്‍ പറഞ്ഞിരുന്നു. അതുപോലെ ലൗ സോങ് ആവണമെന്നും പറഞ്ഞു.

മിക്ക പാട്ടുകളും ഞാനും വിനീതേട്ടനും ഒരുമിച്ചിരുന്നാണ് കംപോസ് ചെയ്തത്. ദര്‍ശന രണ്ടുമൂന്ന് മണിക്കൂറിനുള്ളില്‍ ഏകദേശം രൂപം കംപോസ് ചെയ്തിരുന്നു. അതിന് ശേഷമാണ് ഇസ്താംബുളില്‍ പോയി കുറച്ച് ഇന്‍സ്ടുമെന്റ്‌സ് റെക്കോര്‍ഡ് ചെയ്യുന്നത്. അത് ട്രാക്കില്‍ ഉപയോഗിച്ചു. പിന്നെ മിക്‌സിങ്ങിനായി കുറേ നാള്‍ ചെലഴിച്ചു.

ഇപ്പോള്‍ ആളുകള്‍ കേള്‍ക്കുന്നത് ദര്‍ശനയുടെ 35ാമത്തെ വേര്‍ഷനാണ്. അതാണ് ഫൈനല്‍ ലോക്ക് ചെയ്ത മിക്‌സ്. എന്നാല്‍ എല്ലാ സോംഗിനും അത്രയും വേര്‍ഷന്‍ ഉണ്ടായിട്ടില്ല, ഹിഷാം പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Hesham abdul wahab about mohanlal and pranav comment on darshana song