World News
യു.എസ്-ഉക്രൈന്‍ ചര്‍ച്ചയ്ക്കിടെ മോസ്‌കോയില്‍ കനത്ത ഡ്രോണ്‍ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 11, 11:00 am
Tuesday, 11th March 2025, 4:30 pm

മോസ്‌കോ: ജിദ്ദയില്‍ യു.എസ്-ഉക്രൈന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നതിനിടെ മോസ്‌കോയില്‍ വ്യാപകമായ ഡ്രോണ്‍ ആക്രമണം.

ഉക്രൈന്‍ മോസ്‌കോയില്‍ നടത്തിയ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പുറമെ ആക്രമണത്തെ തുടര്‍ന്ന് റഷ്യന്‍ തലസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ ചെറിയ തടസം നേരിട്ടതായും റഷ്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയിലാകമാനം മൊത്തം 337 ഡ്രോണുകള്‍ വെടിവച്ചിട്ടതില്‍ 91 എണ്ണം മോസ്‌കോയിലും 126 എണ്ണം കുര്‍സ്‌ക് മേഖലയിലുമാണ് പതിച്ചത്.

നഗരത്തിന് നേരെയുണ്ടായത് ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമായിരുന്നെന്ന് മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു. 21 ദശലക്ഷം ജനസംഖ്യയുള്ള യൂറോപ്പിലെ ഏറ്റവും വലിയ മെട്രോപൊളിറ്റന്‍ പ്രദേശങ്ങളില്‍ ഒന്നാണ് മോസ്‌കോ.

യുദ്ധം അവസാനിപ്പിക്കാനായി യു.എസ് ഉദ്യോഗസ്ഥര്‍ സൗദി അറേബ്യയില്‍വെച്ച് ഉക്രൈനിയന്‍ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്താനിരിക്കവെയാണ് ആക്രമണം നടന്നത്. ഇതേസമയം തന്നെ റഷ്യന്‍ സൈന്യം പടിഞ്ഞാറന്‍ മേഖലയിലെ കുര്‍സ്‌കില്‍വെച്ച് ആയിരക്കണക്കിന് ഉക്രൈനിയന്‍ സൈനികരെ വളയാന്‍ ശ്രമിക്കുന്നുമുണ്ടായിരുന്നു.

യുദ്ധത്തിലുടനീളം റഷ്യയില്‍ നിന്നുള്ള വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ ഉക്രൈന്‍ നേരിടുന്നുണ്ട്. എന്നാല്‍ റഷ്യയുടെ എണ്ണ ശുദ്ധീകരണശാലകള്‍, വ്യോമതാവളങ്ങള്‍ റഡാര്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ആവര്‍ത്തിച്ചുള്ള റെയ്ഡുകള്‍ നടത്തി റഷ്യയ്‌ക്കെതിരെ തിരിച്ചടിക്കാനും ഉക്രൈന്‍ ശ്രമിക്കുന്നുണ്ട്.

പാശ്ചാത്യ മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയിലേക്ക് കൂടുതല്‍ ആഴത്തില്‍ ആക്രമണം നടത്താന്‍ യു.എസും യു.കെയും ഉക്രൈനെ അടുത്തിടെ അനുവദിച്ചിരുന്നു.

കഴിഞ്ഞ നവംബറില്‍ മോസ്‌കോ ഉക്രൈനിലേക്ക് തൊടുത്ത ‘ഒറെഷ്‌നിക്’ ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ച് ഉക്രൈനെ ആക്രമിച്ച്, ഇന്നത്തെ ആക്രമണത്തിന് റഷ്യ പ്രതികാരം ചെയ്യണമെന്ന് ഒരു മുതിര്‍ന്ന റഷ്യന്‍ നിയമസഭാംഗം പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Heavy drone attack in Moscow during US-Ukraine peace talks