നീതി ആയോഗിന്റെ വാര്‍ഷിക ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമത്
Kerala News
നീതി ആയോഗിന്റെ വാര്‍ഷിക ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th May 2023, 6:24 pm

ന്യൂദല്‍ഹി: 2020-21 കൊവിഡ് വര്‍ഷത്തിലെ നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ ഒന്നാം സ്ഥാനത്തെത്തി കേരളം. തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉള്ളത്. നീതി ആയോഗിന്റെ അഞ്ചാമത്തെ സൂചികാ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

എന്നാല്‍ ഔദ്യോഗികമായി നീതി ആയോഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ലെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ വന്ന പട്ടികകളിലും കേരളം ഒന്നാം സ്ഥാനത്തായിരുന്നു.

19 വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശും ബീഹാറുമാണ് അവസാന സ്ഥാനങ്ങളിലുള്ളത്. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ത്രിപുര ഒന്നാം സ്ഥാനത്തെത്തി. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ലക്ഷദ്വീപിനാണ് ഒന്നാം സ്ഥാനം. ദല്‍ഹിയാണ് അവസാന സ്ഥാനത്തുള്ളത്.

ഓരോ വര്‍ഷത്തെയും പുരോഗതിയുടെയും മുഴുവന്‍ പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് നീതി ആയോഗ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും റാങ്കുകള്‍ നിശ്ചയിക്കുന്നത്. 19 വലിയ സംസ്ഥാനങ്ങള്‍, 8 ചെറിയ സംസ്ഥാനങ്ങള്‍, 8 കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിങ്ങനെ തിരിച്ചാണ് റാങ്കുകള്‍ തീരുമാനിക്കുന്നത്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ലോക ബാങ്കിന്റെയും സഹകരണത്തോടെയാണ് നീതി ആയോഗ് പട്ടിക തയ്യാറാക്കുന്നത്. 24 ആരോഗ്യ സൂചകങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോമ്പോസിറ്റ് സ്‌കോറിങ്ങ് രീതിയാണ് പട്ടിക തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്നത്. 2017ലാണ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആരോഗ്യ സൂചിക കണക്കാക്കുന്ന രീതി നീതി ആയോഗ് ആരംഭിച്ചത്.

CONTENTHIGHLIGHT: Health index report: Kerala perform well, delhi lowest ranking