മുംബൈ: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമായതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐ.പി.എല്‍ 14ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബറില്‍ യു.എ.ഇയിലേക്ക് മാറ്റാന്‍ ധാരണ. ഇക്കാര്യത്തില്‍ അടുത്തയാഴ്ച കൂടുന്ന ബി.സി.സി.ഐയുടെ പ്രത്യേക യോഗത്തില്‍ അന്തിമ തീരുമാനം ആയേക്കും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സെപ്റ്റംബര്‍ 19നോ 20നോ തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഒക്ടോബര്‍ പത്തിനായിരിക്കുമെന്നാണ് സൂചനകള്‍. ഐ.പി.എല്ലില്‍ 31 മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്. നാല് പ്ലേ ഓഫും 27 ലീഗ് മത്സരങ്ങളുമാണുള്ളത്. 21 ദിവസത്തിനുള്ളില്‍ ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കണം.
കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് മെയ് നാലിനാണ് ഐ.പി.എല്‍ നിര്‍ത്തിവെച്ചത്. മെയ് രണ്ട് വരെ നടന്ന ടൂര്‍ണമെന്റില്‍ 29 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ ഐ.പി.എല്‍ സീസണ്‍ മുഴുവനായും യു.എ.ഇലാണ് നടന്നത്.
അതേസമയം, ഐ.പി.എല്ലില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ ഈ വര്‍ഷം നടത്തിയാല്‍ തങ്ങളുടെ താരങ്ങള്‍ക്ക് പങ്കെടുക്കാനാകില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ന്യൂസ്‌ലാന്‍ഡ് ടീം മാനേജ്‌മെന്റും അറിയിച്ചിരിന്നു. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയും, ഈ വര്‍ഷം തന്നെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പും കൂടി പരിഗണിച്ചേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകൂ.