'ചൂതാട്ട കേന്ദ്രങ്ങളിലല്ല, നിശാ ബാറുകളിലാണ് മയക്കുമരുന്ന് കച്ചവടം നടക്കുന്നത്'; എച്ച്.ഡി കുമാരസ്വാമി
national news
'ചൂതാട്ട കേന്ദ്രങ്ങളിലല്ല, നിശാ ബാറുകളിലാണ് മയക്കുമരുന്ന് കച്ചവടം നടക്കുന്നത്'; എച്ച്.ഡി കുമാരസ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th September 2020, 6:31 pm

ബംഗളുരു: കര്‍ണ്ണാടകയില്‍ ലഹരിമരുന്നുകള്‍ കൂടുതലായി ലഭിക്കുന്നത് രാത്രിയേറേ പ്രവര്‍ത്തിക്കുന്ന ബാറുകളിലും നിശാ ക്ലബുകളിലുമെന്ന് കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി. ഇന്ത്യ ടുഡെയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പുലര്‍ച്ചെ അഞ്ച് മണിവരെ നഗരത്തിലെ ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവിടങ്ങളിലാണ് കൂടുതല്‍ മയക്കുമരുന്നുകള്‍ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണ്ണാടകയിലെ സിനിമാതാരങ്ങളും വ്യവസായികളും ഉള്‍പ്പെട്ട ലഹരി മരുന്നു കേസ് നിലവില്‍ സി.സി.ബി അന്വേഷിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കവെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

അതേസമയം മയക്കുമരുന്നു വ്യപാരങ്ങള്‍ നഗരത്തിലെ കസിനോകളില്‍ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീലങ്കയിലെ ചില വ്യവസായികളുടെ ഉടമസ്ഥതയിലുള്ള നഗരത്തിലെ ചൂതാട്ട കേന്ദ്രങ്ങളെ സംബന്ധിച്ച് സി.സി.ബി അന്വേഷണം നടത്താനൊരുങ്ങവെയാണ് കുമാരസ്വാമിയുടെ ഈ പരാമര്‍ശം.

‘നിങ്ങള്‍ ഇന്ന് കാസിനോകളെ കുറിച്ച് ചോദിക്കുന്നു. മയക്കുമരുന്ന് വില്‍പ്പന ഏറ്റവും കൂടുതല്‍ നടക്കുന്നത് നഗരത്തിലെ ബാറുകള്‍ കേന്ദ്രീകരിച്ചാണ്. പുലര്‍ച്ചെ അഞ്ച് മണിവരെ ബാറുകള്‍ തുറന്ന് കിടക്കുന്നു. കാസിനോകള്‍ അക്കൂട്ടത്തിലില്ല. ബംഗളുരുവിലെ മല്യ റോഡിലൂടെ ഒന്ന് കടന്നുപോകൂ… നിങ്ങള്‍ ഇന്ത്യയിലാണോ നില്‍ക്കുന്നതെന്ന് അതിശയിച്ച് പോകും. പ്രാദേശിക ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ ബഹളമാണവിടെ’- കുമാരസ്വാമി ഇന്ത്യ ടുഡെയോട് പറഞ്ഞു.

അതേസമയം മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അന്താരാഷ്ട്ര മാഫിയ തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മാത്രമല്ല എല്ലാ മെട്രോയിലും മയക്കുമരുന്ന് കച്ചവടങ്ങള്‍ സുലഭമായി നടക്കുന്നു. ഇത് നിര്‍ത്തലാക്കാന്‍ സംയുക്ത ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights:  hd kumaraswami says about drug deals in bengaluru