ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടി കഠിനാധ്വാനിയായിരുന്നുവെന്ന് പ്രദേശവാസികള്‍. എല്ലാവരോടും നന്നായി പെരുമാറിയിരുന്ന പെണ്‍കുട്ടി അമ്മയോടും ഇളയസഹോദരനോടും കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു.
‘ലളിതമായി ജീവിച്ചിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നു അവള്‍. മറ്റുള്ളവരെ നന്നായി പരിപാലിക്കുകയും അവരുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ചെയ്യും. വയലില്‍ പോകുകയും കന്നുകാലികള്‍ക്ക് തീറ്റ കൊടുക്കുകയും അവയുടെ പാല്‍ കറക്കുകയും ചെയ്യുമായിരുന്നു’, അയല്‍വാസികളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലൈംഗികാതിക്രമത്തിനിരയായി ആശുപത്രിയില്‍ കഴിയവേ സഹോദരന്റെ ഭാര്യയോട് പെണ്‍കുട്ടി സംസാരിച്ചിരുന്നു. അമ്മയോട് വിഷമിക്കരുതെന്ന് പറയണമെന്നും താന്‍ ഉടന്‍ വീട്ടിലേക്ക് മടങ്ങിവരുമെന്നുമായിരുന്നു പെണ്‍കുട്ടി അവസാനമായി പറഞ്ഞത്.
അതേസമയം പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധമായി സംസ്‌കരിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. അര്‍ദ്ധരാത്രിയോടെ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് എത്തി സംസ്‌ക്കാരത്തിനായി കൊണ്ടുപോയതായി കുടുംബം പറഞ്ഞു.
”മൃതദേഹം പൊലീസ് ബലമായി പിടിച്ചെടുത്തു. എന്റെ പിതാവ് ഹാത്രാസിലെത്തിയപ്പോള്‍ അദ്ദേഹത്തെ ഉടന്‍ തന്നെ (ശ്മശാനത്തിലേക്ക്) പൊലീസ് കൊണ്ടുപോയി, ”യുവതിയുടെ സഹോദരന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്.
പെണ്‍കുട്ടിയെ ദല്‍ഹിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നാക്ക് മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.
സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഹാത്രാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ്, രാമു, ലവകുശ്, രവി എന്നീ പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് എസ്.പി വിക്രാന്ത് വീര്‍ അറിയിച്ചു.
ഈ നാലുപേരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്യലുകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.