കോഴിക്കോട്: ലേഡീസ് ഹോസ്റ്റല്‍ രാത്രി 10 മണിക്ക് അടക്കുന്നതിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട വര്‍ത്തകള്‍ക്ക് താഴെ വിദ്വേഷ കമന്റുകള്‍. സംഭവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികളെ അപമാനിച്ച തരത്തിലാണ് കമന്റുകളുള്ളത്.
‘ഹോസ്റ്റല്‍ പത്ത് മണിക്ക് അടച്ചില്ലെങ്കില്‍ പത്ത് മാസം കഴിഞ്ഞാല്‍ ഇതിലെ പല പെണ്‍കുട്ടികളുടെയും പ്രസവത്തിന്റെ ബില്ല് കൂടും,’ എന്നാണ് വിപിന്‍ദാസ് എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ കമന്റിട്ടത്.
വ്യാപക വിമര്‍ശനമാണ് ഈ കമന്റിനെതിരെ ഉയരുന്നത്. വിപിന്‍ ദാസിനെ പോലുള്ള വിദ്വേഷ കമന്റുകാരെ ഭയക്കണമെന്നും ജാഗ്രത നല്ലതാണെന്നുമാണ് വിഷയത്തില്‍ ഡോ. മനോജ് വെള്ളനാട് എഴുതിയത്.
‘എല്ലാവരുടെയും അടിയന്തിര ശ്രദ്ധക്ക്, ഈ കമന്റിട്ട വിപിന്‍ദാസിനെപ്പോലെയുള്ള നൂറുകണക്കിന് ആണ്‍ ശരീരങ്ങളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്കടിയില്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. ഇവരെല്ലാം തന്നെ രാത്രിയില്‍ പുറത്തിറങ്ങുന്ന പെണ്‍കുട്ടികളെ ആക്രമിക്കാന്‍ സാധ്യതയുളളവരോ, അല്ലെങ്കില്‍ അങ്ങനെ ആക്രമിക്കുന്നത് സ്വാഭാവികമെന്ന് കരുതുന്നവരോ ആണ്. അവരെ തിരിച്ചറിയുന്ന അച്ഛനമ്മമാര്‍, ഭാര്യമാര്‍, സഹോദരങ്ങള്‍, മക്കള്‍ തുടങ്ങിയവര്‍ ഈ ജീവികള്‍ രാത്രി എട്ടു മണിക്ക് ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നില്ലാന്ന് ഉറപ്പു വരുത്തേണ്ടത് സാമൂഹ്യ സുരക്ഷയ്ക്കത്യാവശ്യമാണ്.