തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ നിയമസഭയില്‍വെച്ചത് ” കഥാ സരിതാ സാഗര”മാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. സോളാര്‍ റിപ്പോര്‍ട്ടിനെ താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരമെന്ന് വിശേഷിപ്പിക്കാമെന്നും ഹസന്‍ പറഞ്ഞു.
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ നിയമസഭയില്‍ വെച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും യു.ഡി.എഫ് നേതാക്കള്‍ക്കുമെതിരെ ഗുരുതരമായ പരാമര്‍ശങ്ങളാണുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹസന്റെ പ്രതികരണം.
21 പേജുള്ള കത്ത് 25 പേജുകളായി വര്‍ധിപ്പിച്ചും ഇക്കിളിപ്പെടുത്തുന്ന വാചകങ്ങള്‍ കോര്‍ത്തിണക്കിയും “കഥാ സരിതാ സാഗരം” വിപുലപ്പെടുത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ എല്‍.ഡി.എഫിന്റെ താല്‍പ്പര്യത്തിനു വഴങ്ങി രാഷ്ട്രീയ പ്രതികാരത്തോടെ തയാറാക്കിയ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നും എം.എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ബിജു രാധാകൃഷ്ണന്റെ ആദ്യഭാര്യ കൊല്ലപ്പെട്ട സംഭവത്തിലെ 13 കേസുകളെക്കുറിച്ച് കമ്മീഷന്റെ നിഗമനങ്ങളില്‍ യാതൊരു പരാമര്‍ശവും ഇല്ലെന്നും ഹസന്‍ ചൂണ്ടിക്കാട്ടി. സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചപ്പോള്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചതരത്തില്‍ യാതൊരു പ്രതികരണം ജനങ്ങളിലുണ്ടാക്കിയിട്ടില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
മല എലിയെ പ്രസവിച്ചുവെന്നത് പോലെയുള്ള റിപ്പോര്‍ട്ടായി “സരിതാ റിപ്പോര്‍ട്ട്” മാറിയെന്നും ഹസന്‍ പരിഹസിച്ചു. സരിതാ നായര്‍ സി.പി.ഐ.എമ്മിന്റെ മെഗാഫോണായി മാറിയെന്നും ഈ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് തള്ളിക്കളയുകയാണെന്നും ഹസന്‍ പറഞ്ഞു. യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും തകര്‍ക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.