കോഴിക്കോട്: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ പ്രതിഷേധക്കാര്‍ കല്ലേറെഞ്ഞു.
വയനാട്ടില്‍ പൊലീസ് അകമ്പടിയില്‍ എത്തിയ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. വിവിധയിടങ്ങളില്‍ നിന്ന് എത്തി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കുടുങ്ങിയവരുമായി യാത്ര തിരിച്ച അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളാണ് ബത്തേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത്.
ആരാണ് ശശികല?; വൃശ്ചികം ഒന്നിലെ ഹര്‍ത്താല്‍ ആര്‍ക്കുവേണ്ടി?
പൊലീസ് അകമ്പടിയില്‍ ജില്ലയ്ക്ക് പുറത്ത് പോകാന്‍ അനുവദിക്കില്ലെന്നാണ് ഹര്‍ത്താല്‍ അനുകൂലികളുടെ നിലപാട്. ബത്തേരി ഡിപ്പോയില്‍ നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള അസംപ്ഷന്‍ ജംക്ഷനില്‍ വച്ചാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞത്.
കൂടാതെ, പ്രതിഷേധക്കാര്‍ മുക്കത്ത് വാഹനങ്ങള്‍ തടഞ്ഞ് പ്രകോപനം സൃഷ്ടിച്ചിരുന്നു. ബി.ജെ.പി പ്രവര്‍ത്തകരുടേയും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് വാഹനങ്ങള്‍ തടയുന്നത്. രാവിലെ ബലരാമപുരത്ത് കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞിരുന്നു.
ദേശീയപാതയിലടക്കം ഇരുചക്ര വാഹനമുള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തടയുകയാണ്. അര്‍ധരാത്രിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങളെ ഏറെ വലച്ചിട്ടുണ്ട്. ദീര്‍ഘദൂരയാത്രക്കാര്‍ പലയിടങ്ങളിലുമായി ഭക്ഷണവും വെള്ളവും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനാവാതെ കുടുങ്ങിക്കിടക്കുകയാണ്.
ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം: കാനം രാജേന്ദ്രന്‍
അക്രമം തുടരുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നിര്‍ത്തി വച്ചു. ഇനിയും നഷ്ടം സഹിക്കാന്‍ വയ്യാത്തത് കൊണ്ടെന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിയതെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു. “പലയിടങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസിനു നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറുണ്ടായി. ഇനിയും കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകാവുന്ന നഷ്ടങ്ങള്‍ സഹിക്കാന്‍ കഴിയില്ല. കൂടാതെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷയുടെ പ്രശ്‌നമുണ്ട്. പൊലീസ് സുരക്ഷ നല്‍കുമെങ്കില്‍ സര്‍വീസ് നടത്താം. അതേസമയം, തീര്‍ത്ഥാടകര്‍ക്ക് അസൗകര്യമുണ്ടാകാതിരിക്കാന്‍ ശ്രമിക്കുമെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു.”
“നിലയ്ക്കല്‍- പമ്പ ഭാഗത്തേക്ക് ബസ് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ മറ്റ് സ്ഥലങ്ങളില്‍ സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍. തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര, ബാലരാമപുരം എന്നിവിടങ്ങളില്‍ രാവിലെ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലം കൂടി കണക്കിലെത്തുടാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസ് പെട്ടെന്ന് നിര്‍ത്തിയത് എന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു”.