Sports News
നല്ല അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ഐ.പി.എല്ലിലെ ആ ഫ്രാഞ്ചൈസി മാറണം; ഇന്ത്യ ഓള്‍റൗണ്ടര്‍ക്ക് മുന്നറിയിപ്പുമായി ഹര്‍ഷ ഭോഗ്ലെ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 15, 02:45 am
Thursday, 15th August 2024, 8:15 am

2024ലെ ഐ.പി.എല്‍ സീസണില്‍ സണ്‍റൈസസ് ഹൈദരാബാദിന്റെ ഓള്‍റൗണ്ടര്‍ താരമായിരുന്നു വാഷിങ്ടണ്‍ സുന്ദര്‍. എന്നാല്‍ ടൂര്‍ണമെന്റിലെ രണ്ട് മത്സരങ്ങള്‍ മാത്രമാണ് താരത്തിന് കളിക്കാന്‍ സാധിച്ചത്. രണ്ട് മത്സരങ്ങളില്‍ നിന്നും 30 പന്ത് എറിഞ്ഞ് താരം 73 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് ആയിരുന്നു സ്വന്തമാക്കിയത്.

എന്നാല്‍ ഇന്ത്യയ്ക്കുവേണ്ടി മികച്ച പ്രകടനമാണ് ഓള്‍ റൗണ്ടര്‍ സമീപ കാലത്ത് കാഴ്ചവെച്ചത്. താരത്തിന് ഇനിയും നല്ല അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ അടുത്ത ഐ.പി.എല്‍ സീസണില്‍ സണ്‍റൈസേഴ്‌സില്‍ നിന്നും മാറണം എന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായ ഹര്‍ഷ ഭോഗ്ലെ പറയുന്നത്. താരം ആഗ്രഹിക്കുന്ന പോലെ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നും സാധിക്കില്ല എന്നാണ് ഹര്‍ഷ പറഞ്ഞത്.

‘സുന്ദര് തന്റെ ഫ്രാഞ്ചൈസി മാറേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു, കാരണം സണ്‍ റൈസേഴ്‌സ് ഹൈദരബാദ് അദ്ദേഹത്തിന് 14 മത്സരങ്ങള്‍ നല്‍കുന്നില്ലെങ്കില്‍ മറ്റൊരു ടീമിനെ കണ്ടെത്തേണ്ടതുണ്ട്. അവന്‍ ആഗ്രഹിക്കുന്ന പോലെ ഇന്ത്യന്‍ ടീമിലെത്താന്‍ നിങ്ങള്‍ക്ക് ഒരു സാഹചര്യം ഉണ്ടാക്കാന്‍ കഴിയില്ല, സണ്‍റൈസര്‍മാര്‍ അങ്ങനെ ചെയ്യില്ല,’ ഹര്‍ഷ ഭോഗ്ലെ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഇന്ത്യക്കുവേണ്ടി നാല് ടെസ്റ്റ് മത്സരങ്ങളിലെ ആറ് ഇന്നിങ്‌സില്‍ നിന്നും 265 റണ്‍സ് ഈ ഓള്‍റൗണ്ടര്‍ നേടിയിട്ടുണ്ട്. അതില്‍ 96 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും സുന്ദര്‍ സ്വന്തമാക്കി. ഏകദിനത്തില്‍ 22 മത്സരത്തിലെ 14 ഇന്നിങ്‌സില്‍ നിന്നും 315 റണ്‍സും 51 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്.

ഇന്ത്യക്ക് വേണ്ടി 49 ഇന്റര്‍നാഷണല്‍ ടി-20യിലെ 18 ഇന്നിങ്‌സില്‍ മാത്രമാണ് താരത്തിന് ഇറങ്ങാന്‍ സാധിച്ചത്, അതില്‍ 162റണ്‍സും 50 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും സുന്ദറിനുണ്ട്. ബൗളിങ്ങില്‍ ഏഴ് ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്നും ആറ് വിക്കറ്റും ഏകദിനത്തിലെ 19 മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റും ടി-20യില്‍ 47 മത്സരങ്ങളില്‍ നിന്ന് 44 വിക്കറ്റും സുന്ദറിനുണ്ട്.

 

 

Content Highlight: Harsha Bhogle Talking About Washington Sundar