ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളായ ഹാരിയും മേഗന്‍ മെര്‍ക്കലും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സുമായി കൈ കോകോര്‍ക്കുന്നു. നെറ്റ്ഫളിക്‌സിനായി സിനിമകള്‍, സീരീസുകള്‍. ഷോകള്‍ തുടങ്ങിയവ നിര്‍മിക്കുന്ന മള്‍ട്ടി ഇയര്‍ കരാറിലാണ് ഇരുവരും ഒപ്പു വെച്ചിരിക്കുന്നത്.
ചില ഷോകളില്‍ മേഗനും ഹാരിയും മുഖം കാണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇനി അഭിനയ രംഗത്തിലേക്കില്ലെന്ന തീരുമാനത്തില്‍ തന്നെയാണ് മേഗന്‍. കരാറിന്റെ സാമ്പത്തിക വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
വൈവിധ്യകരമായതും ലോകമെമ്പാടുമുള്ള ജനങ്ങളില്‍ പ്രതീക്ഷ നല്‍കുന്നതുമായ വര്‍ക്കുകള്‍ നിര്‍മിക്കുക എന്നതാണ് ലക്ഷ്യമെന്നാണ് മേഗനും ഹാരിയും ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. നെറ്റ്ഫ്‌ളിക്‌സിന് സമാനമായി ഇതിനു മുമ്പ് മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും കരാറുണ്ടായിരുന്നു.
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകളില്‍ നിന്നും പിന്‍മാറി യു.എസിലേക്ക് താമസം മാറിയതിനു പിന്നാലെയാണ് ഇരുവരും പുതിയ പദ്ധതികളിലേക്ക് കാലെടുത്ത് വെക്കുന്നത്.
ജനുവരി ആദ്യവാരമാണ് രാജകുടുംബ ചുമതലകളില്‍ നിന്നും വിട്ട് നില്‍ക്കാനും സാമ്പത്തിക സ്വാതന്ത്ര്യം കൈവരുത്താനും ആഗ്രഹിക്കുന്നതായി പ്രിന്‍സ് ഹാരിയും മേഗനും ഔദ്യോഗിക പ്രസ്താവനയിറക്കിയത്. കാനഡയിലും ബ്രിട്ടനിലുമായി മകന്‍ ആര്‍ക്കിക്കൊപ്പം പുതിയ ജീവിതം തുടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. എന്നാല്‍ പിന്നീട് അമേരിക്കയിലേക്ക് മാറുകയായിരുന്നു.
ഇതിനു പിന്നാലെ മേഗന്റയും ഹാരിയുടെയും രാജപദവികള്‍ റദ്ദാക്കിയതായി ബ്രിട്ടീഷ് രാജകുംടുംബം അറിയിച്ചിരുന്നു. രാജകുടുംബാഗങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷാ അകമ്പടികള്‍, പൊതുഖജനാവില്‍ നിന്നുള്ള സാമ്പത്തിക സഹായം, പ്രത്യേക യാത്രകള്‍ എന്നിവ ഇരുവര്‍ക്കും ലഭിക്കില്ല. ഇതിനു പുറമെ ലണ്ടനിലെ മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ നിന്ന് ഹാരിയുടെയും മേഗന്റെയും മെഴുകു പ്രതിമകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.