കൊച്ചി: സോഷ്യല്‍ മീഡിയ വഴി നിരവധി വ്യാജ വാര്‍ത്തകള്‍ പലരും പങ്കുവെയ്ക്കാറുണ്ട്. ചിലര്‍ അത് മുന്‍പിന്‍ ആലോചിക്കാതെ വ്യാപകമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെയ്ക്കുകയും ചെയ്യും.
ഇത്തരക്കാരെ കേശവന്‍ മാമന്‍ എന്നാണ് ട്രോളന്മാര്‍ കളിയാക്കി വിളിക്കാറുള്ളത്. ഇത്തരത്തില്‍ ഒരു ‘കേശവന്‍ മാമന്‍’ പോസ്റ്റ് പങ്കുവെച്ച് അബദ്ധത്തില്‍ ചാടിയിരിക്കുകയാണ് നടന്‍ ഹരിശ്രീ അശോകന്‍.
ലോകത്തിലെ ഏറ്റവും മികച്ച ദേശീയ ഗാനമായി ഇന്ത്യന്‍ ദേശീയ ഗാനമായ ‘ജനഗണമന’ തെരഞ്ഞെടുത്തു എന്ന പോസ്റ്റാണ് ഹരിശ്രീ അശോകന്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ഒരു പതിറ്റാണ്ടിലധികം പഴക്കമുള്ള വ്യാജ പോസ്റ്റാണിത്. ‘എല്ലാവര്‍ക്കും അഭിനന്ദങ്ങള്‍. നമ്മുടെ ദേശീയഗാനമായ ജനഗണമന ലോകത്തെ ഏറ്റവും മികച്ചതായി യുനസ്‌കോ അല്‍പം മുമ്പ് തെരഞ്ഞെടുത്തിരിക്കുന്നു’ എന്നായിരുന്നു പോസ്റ്റ്.
ജനഗണമനയിലെ ഓരോ വാക്കിന്റേയും അര്‍ഥം വിശദമാക്കുന്ന നീണ്ട കുറിപ്പും ഇതിനൊപ്പമുണ്ടായിരുന്നു. ദേശീയഗാനത്തിന്റെ അര്‍ഥം എല്ലാവരും മനസിലാക്കാന്‍ കൂടുതല്‍ പേരിലേക്ക് ഷെയര്‍ ചെയ്യാനും സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഹരിശ്രീ അശോകന്റെ പോസ്റ്റ് പുറത്തുവന്നതോടെ നിരവധി പേരാണ് ട്രോളുമായി രംഗത്ത് എത്തിയത്. കോസ്‌മോസ് രശ്മികള്‍ ഇന്ന് രാത്രി 12 മണിക്ക് വരുമെന്നും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാനും ചിലര്‍ ട്രോളായി ഹരിശ്രി അശോകന്റെ പോസ്റ്റില്‍ കമന്റ് ചെയ്തിരുന്നു.