മുസ്‌ലിം ലീഗ് അല്ലാഹു അക്ബര്‍ എന്ന് തൂക്കിയിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകില്‍; പാലക്കാട്ടെ ജയ് ശ്രീറാമും മലയാളിയുടെ മൃദുഹിന്ദുത്വയും
Notification
മുസ്‌ലിം ലീഗ് അല്ലാഹു അക്ബര്‍ എന്ന് തൂക്കിയിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകില്‍; പാലക്കാട്ടെ ജയ് ശ്രീറാമും മലയാളിയുടെ മൃദുഹിന്ദുത്വയും
ഹരീഷ് വാസുദേവന്‍
Thursday, 17th December 2020, 12:30 pm

മതേതരത്വം പറയുന്നവര്‍ ഹിന്ദുവിരുദ്ധരാണ് എന്ന വിഷമാണ് കുറേക്കാലമായി ബി.ജെ.പി ആര്‍.എസ്.എസ് ടീം പ്രചരിപ്പിക്കുന്നത്. എന്നാല്‍ സത്യമെന്താണ്? മതേതര കേരളത്തില്‍ പോലും ഒരു മുസ്ലിം വിരുദ്ധത/സോഫ്റ്റ് ഹിന്ദുത്വ ഉണ്ടാക്കാന്‍ സംഘപരിവാറിന് കഴിഞ്ഞിട്ടില്ലേ?

മലപ്പുറം നഗരസഭ മുസ്ലിം ലീഗിന് ഭൂരിപക്ഷമുള്ള യു.ഡി.എഫ് ഭരിക്കാന്‍ തുടങ്ങിയിട്ട് എത്രയോ കാലമായി. പേരില്‍ മുസ്ലിം ഉണ്ടെങ്കിലും ലീഗിന് വര്‍ഗീയതയുണ്ടെന്ന് എതിരാളികള്‍ പോലും പറയുമെന്നു തോന്നുന്നില്ല. അവര്‍ ഒരുകാലത്തും മതരാഷ്ട്രവാദം എവിടെയും ഉയര്‍ത്തിയിട്ടില്ല.

ഈ തെരഞ്ഞെടുപ്പ് ജയിച്ചശേഷം ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറം നഗരസഭ ഓഫീസ് കെട്ടിടത്തിന് മുകളില്‍ കയറി പച്ച നിറമുള്ള വലിയ ബാനറില്‍
‘അള്ളാഹു അക്ബര്‍’ (God is great) എന്നെഴുതി തൂക്കി മുദ്രാവാക്യം വിളിച്ചിരുന്നെങ്കില്‍ ആ വിഷ്വല്‍ കേരളത്തിലുണ്ടാക്കാന്‍ പോകുന്ന പുകില്‍ എന്തായിരിക്കും? ഒന്നോര്‍ത്തു നോക്കൂ.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഞ്ഞാലിക്കുട്ടിയെ വരവേല്‍ക്കാന്‍ പോയ ലീഗ് പ്രവര്‍ത്തകര്‍ ടെര്‍മിനലിന്റെ മുകളില്‍ അവരുടെ കൊടി കെട്ടിയതിന് ഇവിടെയുണ്ടായ പുകില്‍ ചെറുതാണോ? തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച് അരനൂറ്റാണ്ടായി കൊണ്ടുനടക്കുന്ന കൊടി പോലും പാക്കിസ്ഥാന്‍ കൊടിയെന്ന മട്ടില്‍, രാജ്യദ്രോഹക്കുറ്റം നടന്നെന്ന മട്ടിലാണ് അന്ന് സംഘപരിവാര്‍ സംഘടനകള്‍ അഴിഞ്ഞാടിയത്. അപ്പോള്‍ ഒരു മുനിസിപ്പാലിറ്റിയില്‍ ‘അള്ളാഹു അക്ബര്‍’ എന്ന ദൈവവചനം തൂക്കിയാലോ. എത്ര വലിയ മത ധ്രുവീകരണമാകും അതുണ്ടാക്കുക?

ഇത് വായിക്കുന്ന എന്റെ അമുസ്ലിം സഹോദരന്മാരില്‍ എത്രയോ പേര്‍ അതൊരു വര്‍ഗീയ മുസ്ലിംവിരുദ്ധ നീക്കമായി കണ്ട് പൊട്ടിത്തെറിക്കും? പോലീസ് ചിലപ്പോ കേസെടുക്കും. ആര്‍.എസ്.എസ് നിരീക്ഷകരെ വെച്ചു ചാനലുകള്‍ ചര്‍ച്ചയുണ്ടാകും. ഇല്ലേ? വിശ്വാസികളുടെ പാര്‍ട്ടി ജയിച്ചപ്പോള്‍ അവരുടെ ദൈവത്തിന് അവര്‍ സ്തുതിപറഞ്ഞുവെന്നേ ഉള്ളൂ എന്നും അതിനെ കാണാവുന്നതാണ്. അല്ലാതെന്താണ്?

എന്നാല്‍ നമ്മള്‍ അങ്ങനെ കാണുമോ? ഇല്ല. മതേതരത്വം തകര്‍ന്നതായി നാം പ്രഖ്യാപിക്കും. ഇസ്‌ലാമിക ഭീകരവാദമായി നാമത് കൊട്ടിഘോഷിക്കില്ലേ? പത്രങ്ങള്‍ എഡിറ്റോറിയല്‍ എഴുതില്ലേ? പാലക്കാട് നഗരസഭയില്‍ ബി.ജെ.പി ജയിച്ചപ്പോള്‍ ‘ജയ് ശ്രീറാം’ എന്നുള്ള ബാനര്‍ തൂക്കി. ശിവജിയുടെ ഫോട്ടോയും. ഇവിടെ എന്തെങ്കിലും വലിയ പുകിലുണ്ടായോ? പോലീസ് കേസെടുത്തോ?

വാസ്തവത്തില്‍ അത് ഹിന്ദുക്കളുടെ മതവിശ്വാസവുമായി ബന്ധപ്പെട്ട പൊതുവാക്യം പോലുമല്ല, സംഘപരിവാറിന്റെ മുദ്രാവാക്യമാണ്. എന്നിട്ടും…. ‘ഓ അതിലിപ്പോ എന്താ’ ന്ന് നിങ്ങള്‍ക്ക് തോന്നിയോ?? എങ്കില്‍ നിങ്ങളില്‍ ഒരു സോഫ്റ്റ് ഹിന്ദുത്വ മതഭീകരവാദി വളരുന്നുണ്ട്. മതേതരത്വത്തിനു എതിരായ ഒരാള്‍.

ഹിന്ദുത്വവര്‍ഗ്ഗീയത എന്നത് എത്ര ലൈറ്റായി നമ്മള്‍ ഓരോരുത്തരും കാണുന്നു, ഹിന്ദുത്വവര്‍ഗ്ഗീയതയോടുള്ള നമ്മുടെ വിവേചനം നമുക്ക് തന്നെ ബോധ്യപ്പെടാവുന്ന ഒരു സന്ദര്‍ഭമാണ്. പറഞ്ഞെന്നേയുള്ളൂ.

സ്റ്റേറ്റ് അതിന്റെ അധികാര സ്ഥാപനങ്ങള്‍ വഴി ഒരു മതചിഹ്നവും പ്രകടിപ്പിക്കാന്‍ പാടില്ലാത്ത, മതരഹിതന്റെകൂടി സര്‍ക്കാറുള്ള ഒരു മതേതര രാഷ്ട്രമാണ് നമ്മുടേത്. അതിനെ തകര്‍ക്കുന്ന നാം ഒന്നും അനുവദിക്കരുത്. മതേതരത്വത്തെ വെല്ലുവിളിക്കുന്ന ഈ നീക്കം പരസ്യമായി തള്ളിപ്പറയാത്ത ബി.ജെ.പിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ വെച്ചുകൊണ്ടിരിക്കരുത് എന്നു ഒരു പൗരനെന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെടുന്നു.

ഞാന്‍ ഹിന്ദുവാണ്, വിശ്വാസിയാണ്. പക്ഷെ മതേതര സര്‍ക്കാരിനെ മതവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ഞാന്‍ സമ്മതിക്കില്ല. അതുകൊണ്ട് എനിക്ക് എല്‍.ഡി.എഫും ഉം യു.ഡി.എഫും ഉം പോലെയല്ല ബി.ജെ.പി. അവര്‍ എന്റെ വിശ്വാസങ്ങളെ രാഷ്ട്രീയത്തിന് ഉപയോഗിച്ച് അപമാനിക്കുകയാണ്. പാലക്കാട് സംഭവത്തെ തള്ളിപ്പറയാത്ത ഒരു ബി.ജെ.പി നേതാവിനെ കേരളത്തിലെ ചാനലുകള്‍ എങ്ങനെയാണ് ജനാധിപത്യ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുന്നത്?

പാലക്കാട് സംഭവത്തെ ബി.ജെ.പി തള്ളിപ്പറയുന്നത് വരെ ബി.ജെ.പി യോട് ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന് പറയാനുള്ള നിലപാട് എല്‍.ഡി.എഫും ഉം യു.ഡി.എഫും ഉം എടുക്കണം. മതേതര കേരളം അത് ആവശ്യപ്പെടുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Harish Vasudevan Writes about Soft Hindutva mindsets in kerala