Entertainment news
പുലി മുരുകന്‍ ചെയ്യേണ്ടതായിരുന്നു, മിസ്സ് ആക്കിയത് വലിയ നഷ്ടമായി: ഹരീഷ് ഉത്തമന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 21, 05:26 am
Friday, 21st October 2022, 10:56 am

മലയാളത്തിന് പുറമെ നിരവധി മറ്റുഭാഷ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് നടന്‍ ഹരീഷ് ഉത്തമന്‍. വില്ലന്‍ വേഷങ്ങളും പൊലീസ് വേഷങ്ങളും ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കാന്‍ പല സിനിമകളിലൂടെയും ഹരീഷിന് സാധിച്ചിരുന്നു. മോഹന്‍ലാല്‍ ചിത്രം പുലിമുരുകനില്‍ തനിക്ക് ഒരു വേഷം കിട്ടിയിരുന്നെന്നും അത് ചെയ്യാന്‍ കഴിയാത്തതിനെക്കുറിച്ചും മാതൃഭൂമി ന്യൂസിനോട് പറയുകയാണ് താരം.

പുലിമുരുകന്‍ ചെയ്യാന്‍ സാധിക്കാത്തത് വലിയ നഷ്ടമായിപ്പോയെന്നും വില്ലന്‍ വേഷങ്ങള്‍ അറിഞ്ഞുകൊണ്ട് തെരഞ്ഞെടുത്തതല്ലെന്നും നിലനില്‍പ്പിന് വേണ്ടി ചെയ്യേണ്ടി വന്നതാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. അത്തരം വേഷങ്ങള്‍ മാത്രം ഇനി ചെയ്യുന്നില്ലെന്ന് താന്‍ ഉറപ്പിച്ച് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

”എന്റെ ഫസ്റ്റ് മലയാളം സിനിമ മുംബൈ പൊലീസായിരുന്നു. അതുകഴിഞ്ഞ് ഒരുപാട് സിനിമകള്‍ വരുമെന്നായിരുന്നു ഞാന്‍ വിചാരിച്ചത്. പക്ഷേ ഒന്നും കിട്ടിയില്ല. ആ സമയത്തും ഞാന്‍ തമിഴിലും തെലുങ്കിലും ബിസിയായിരുന്നു. അവിടെ സിനിമകള്‍ എല്ലാം ഹിറ്റാകാന്‍ തുടങ്ങിയത് മുതല്‍ ഒരു അഞ്ച് വര്‍ഷം ഞാന്‍ ഫുള്‍ ഓട്ടമായിരുന്നു.

 

ശരിക്കും പുലിമുരുകന്‍ ഞാന്‍ ചെയ്യേണ്ടതായിരുന്നു. പക്ഷേ ചെയ്യാന്‍ പറ്റിയില്ല. അത്രയും വലിയൊരു സിനിമ ഞാന്‍ മിസ് ചെയ്തതാണ്. എന്നെ സംബന്ധിച്ച് വലിയൊരു നഷ്ടമായിരുന്നു. നമുക്ക് ഉള്ളതാണെങ്കില്‍ അത് നമ്മുടെ അടുത്തേക്ക് വന്നു ചേരുമെന്നാണ് ഞാന്‍ എപ്പോഴും വിചാരിക്കാറുള്ളത്. നമുക്ക് വരാനുള്ളതല്ലെങ്കില്‍ ഒരിക്കലും നമ്മളെ തേടി വരില്ല. സമയം എടുത്താലും വരാനുള്ളത് വന്നിരിക്കും.

വില്ലന്‍ വേഷങ്ങള്‍ ഒരിക്കലും എന്റെ ചോയ്‌സ് അല്ലായിരുന്നു. തുടക്കത്തില്‍ നമ്മള്‍ ഇവിടെ ഉണ്ടെന്ന് ആളുകളെ അറിയിക്കാനുള്ള ഓട്ടമായിരുന്നു. ആ ഒരു സമയത്ത് കിട്ടുന്നത് എല്ലാം ചെയ്യുന്ന അവസ്ഥയായിരുന്നു. ഒരിക്കലും ബോധപൂര്‍വ്വം വില്ലന്‍ വേഷങ്ങള്‍ വേണമെന്ന നിര്‍ബന്ധത്തോടെയല്ല അഭിനയിച്ചത്. നിലനില്‍പ്പിന് വേണ്ടി തുടക്കത്തില്‍ സംഭവിച്ചതാണ്.

2018 ആയപ്പോള്‍ ഇത് നിര്‍ത്താനായെന്ന് എനിക്ക് തോന്നി. ആ വര്‍ഷം ഞാനാകെ ഒരു സിനിമയാണ് ചെയ്തത്. സിനിമ മനപൂര്‍വ്വം ചെയ്യുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ മാറി വരുന്നുണ്ട്. ഇങ്ങനെ തുടര്‍ച്ചയായി ക്ലീഷേ റോള്‍സ് ചെയ്യുന്നത് ബോറാണെന്ന് നമ്മള്‍ എന്നാണോ ചിന്തിച്ച് തുടങ്ങുന്നത്, അന്ന് നമുക്ക് അതില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയും. അതാണ് ഇപ്പോള്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ ഞാന്‍ നെഗറ്റീവ് റോള്‍സ് മാത്രമല്ല ചെയ്യുന്നത്. അല്ലാത്ത റോള്‍സും ചെയ്യാന്‍ കഴിയുന്നുണ്ട്. നല്ല കഥാപാത്രങ്ങള്‍ വരുന്നതുകൊണ്ട് ഞാന്‍ ഭയങ്കര ഹാപ്പിയാണ്,”ഹരീഷ് ഉത്തമന്‍ പറഞ്ഞു.

ഹരീഷിന്റെ പുതിയ മലയാള ചിത്രം ഇനി ഉത്തരത്തിന് നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.ലോകേഷ് കനകരാജിന്റെ കൈതിയിലും വിക്രത്തിലും വില്ലന്‍ വേഷം ചെയ്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു ഹരീഷ്.

content highlight: Harish Uttaman said that Puli Murugan should have done, missed it was a big loss