ദേവാങ്കണങ്ങള്‍ എന്ന ഗാനം ഇതിനു മുമ്പും താന്‍ പാടാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മാത്രമല്ല ഈ ജീവിതകാലം മുഴുവന്‍ ഇനിയും പാടുമെന്നും ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ പാട്ടിനെക്കുറിച്ച് പറയുന്നത്.
താന്‍ 7ാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ ഈ പാട്ട് കാസറ്റില്‍ ആക്കി കൊണ്ടുവരുമായിരുന്നെന്നും അങ്ങനെയാണ് ഈ പാട്ട് ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നും ഗായകന്‍ പറയുന്നു. ഇതിനെ ഒരു സിനിമാ ഗാനം മാത്രമായി കാണുന്നതിനേക്കാള്‍ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന അത്യപൂര്‍വ്വ സൃഷ്ടിയായി കാണാനാണ് ഇഷ്ടമെന്നും ഹരീഷ് പോസ്റ്റില്‍ കുറിച്ചു.
സിനിമാ ഗാനങ്ങള്‍ ട്യൂണ്‍ മാറ്റിപ്പാടുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി ഗാനരചയിതാവായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി രംഗത്ത് വന്നതിന് പിന്നാലെയാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ ദേവാങ്കണങ്ങള്‍ പാടുന്നതിനെക്കുറിച്ചുള്ള അഭിപ്രായം ഫേസ്ബുക്കില്‍ കുറിച്ചത്.
സിനിമാ ഗാനങ്ങള്‍ മാറ്റിപ്പാടി പ്രദര്‍ശിപ്പിക്കുന്നത് വിഡ്ഢിത്തമാണെന്നായിരുന്നു ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ കൈതപ്രം പറഞ്ഞത്.
സംഗതികളിട്ട് പാടിയാല്‍ ആരേക്കാളും മികച്ച രീതിയില്‍ ദാസേട്ടനും ചിത്രയുമൊക്കെ പാടുമെന്നും സമയ പരിമിതി ഇല്ലാത്തതിനാല്‍ ഹരീഷ് ശിവരാമകൃഷ്ണനെപ്പോലുള്ളവര്‍ക്ക് ഈ ചതുരമൊക്കെ വിട്ട് പാടി എന്തുസാഹസവും കാണിക്കാമെന്നും പക്ഷേ, ആ ചതുരത്തില്‍ നിന്നാല്‍ മാത്രമേ പാട്ടിന്റെ സൗന്ദര്യം ഉണ്ടാവുകയുള്ളൂ എന്ന് മനസ്സിലാക്കണമെന്നും കൈതപ്രം പറഞ്ഞു. ദേവാങ്കണങ്ങളും ദേവിയുമെല്ലാം പലരും ട്യൂണ്‍ മാറ്റി പാടുന്നത് ശ്രദ്ധിക്കാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു കൈതപ്രത്തിന്റെ മറുപടി.
ദേവാങ്കണങ്ങള്‍ എന്ന പാട്ട് എത്ര തവണ റിവൈന്‍ഡ് അടിച്ച് താന്‍ കേട്ടുകാണുമെന്നതിന് കണക്കില്ലെന്നും ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ദേവാങ്കണങ്ങള്‍’ – ശ്രീ യേശുദാസ്, ജോണ്‍സന്‍ മാഷ്, ശ്രീ കൈതപ്രം ദാമോദരന്‍.
ഞാന്‍ 7 ആം ക്ലാസ്സില്‍ പഠിക്കുമ്പോ ആണു ഈ പാട്ട് കാസറ്റ് ഇല്‍ ആക്കി അച്ഛന്‍ കൊണ്ട് വരുന്നത്. കല്യാണി രാഗത്തിന്റെ ഇതു വരെ കേള്‍ക്കാത്ത മാനങ്ങള്‍ ജോണ്‍സന്‍ മാസ്റ്റര്‍ എന്നാ മഹാനായ സംഗീതജ്ഞന്‍ നമുക്ക് മുന്നില്‍ കാഴ്ചവെച്ച ഈ അപൂര്‍വ സൃഷ്ടിയുടെ രണ്ടാമത്തെ ചരണം ആണു – വളരെ സൂക്ഷ്മമായ സ്വര വ്യതിയാനത്തിലൂടെ അദ്ദേഹം മറ്റൊരു രാഗത്തിന്റെ അംശം കൊണ്ട് വരുന്നത് – എത്ര തവണ ഇതു ൃലംശിറ അടിച്ചു കേട്ടു കാണും എന്ന് അറിയില്ല. ദാസേട്ടന്റെ ഗംഭീര ശബ്ദം കര്‍ണാടക ഹിന്ദുസ്ഥാനി ശൈലികളില്‍ അനായാസം പ്രവഹിക്കുന്ന ഈണം.
പദ്മശ്രീ കൈതപ്രം ദാമോദരന്‍ അവര്‍കള്‍ എത്ര മനോഹരമായി ആണു ആ മീറ്റര്‍ ഇല്‍ വരികള്‍ അണിയിച്ചിരിക്കുന്നത്… സംഗീതത്തില്‍ അത്രയും പാടവം ഉള്ള ഒരു കവിക്ക് മാത്രം ചെയ്യാനാവുന്ന ഒന്ന്. ഇതിനെ ഒരു സിനിമ ഗാനം ആയി മാത്രം കാണുന്നതിനേക്കാള്‍ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന അത്യപൂര്‍വ സൃഷ്ടി എന്ന് പറയാതെ വയ്യ.
ഇതിനു മുമ്പും ഈ പാട്ട് പാടാന്‍ ശ്രമിച്ചിട്ടുണ്ട്, ഈ ജീവിത കാലം മുഴുവനും പാടുകയും ചെയ്യും. ഓരോ തവണ പാടുമ്പോഴും എനിക്ക് കിട്ടുന്നത് ഒരു പുതിയ അനുഭവം.
ജഗന്നാഥന്‍ തമ്പുരാന്‍ പറയുന്ന പോലെ – ‘അടുക്കും തോറും അകലം കൂടുന്ന മഹാ സാഗരം, സംഗീതം. ‘
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക