Kerala
നിയമത്തിനു മുന്നില്‍ ചോദ്യങ്ങളായി നില്‍ക്കുന്ന മക്കളുടെ മൂട് താങ്ങുന്നതും ഒന്നാന്തരം മക്കള്‍ രാഷ്ട്രീയമാണ്: ഹരീഷ് പേരടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 16, 11:29 am
Monday, 16th November 2020, 4:59 pm

കോഴിക്കോട്: ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അലന്‍ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബിന്റെ നടപടിയെ വിമര്‍ശിച്ചും സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ചും നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം.

തുടര്‍ചികിത്സയ്ക്ക് അവധി വേണമെന്ന ആവശ്യപ്പെട്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ച കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനെ പോസ്റ്റില്‍ ഹരീഷ് പേരടി അഭിനന്ദിക്കുന്നുണ്ട്.

മക്കളെ സ്ഥാനാര്‍ത്ഥിയാക്കുന്നത് മാത്രമല്ല മക്കള്‍ രാഷ്ട്രീയമെന്നും നിയമത്തിനു മുന്നില്‍ ചോദ്യങ്ങളായി നില്‍ക്കുന്ന മക്കളുടെ മൂട് താങ്ങുന്നതും ഒന്നാത്തരം മക്കള്‍ രാഷ്ട്രീയമാണെന്നും ഇവിടെയാണ് കോടിയേരി വ്യത്യസ്തനാകുന്നതെന്നുമായിരുന്നു ഹരീഷ് പേരടി പറഞ്ഞത്.

‘മക്കളെ സ്ഥാനാര്‍ത്ഥിയാക്കുന്നത് മാത്രമല്ല മക്കള്‍ രാഷ്ട്രീയം. നിയമത്തിനു മുന്നില്‍ ചോദ്യങ്ങളായി നില്‍ക്കുന്ന മക്കളുടെ മൂട് താങ്ങുന്നതും ഒന്നാന്തരം മക്കള്‍ രാഷ്ട്രീയമാണ്. ഇവിടെയാണ് സഖാവ് കോടിയേരി വ്യത്യസ്തനാകുന്നത്. ‘തെറ്റുകാരാനാണെങ്കില്‍ തൂക്കി കൊന്നോള്ളു’ എന്ന് പറഞ്ഞ ഒരേയൊരു കോടിയേരി .അതുകൊണ്ടാണ് ഞങ്ങള്‍ അയാളെ അക്ഷരം തെറ്റാതെ സഖാവേ എന്ന് വിളിക്കുന്നത്’, എന്നായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കില്‍ എഴുതിയത്.

മകന്‍ ബിനീഷ് ബെംഗളൂരുവില്‍ ജയിലിലായതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറിയത്. എന്നാല്‍ തുടര്‍ ചികിത്സയുടെ ഭാഗമായിട്ടാണ് സ്ഥാനത്തുനിന്നും താത്ക്കാലികമായി മാറിനിന്നതെന്നാണ് സി.പി.ഐ.എമ്മിന്റെ വിശദീകരണം.
ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനാണ് പകരം ചുമതല നല്‍കിയത്.

അലന്റെ പിതാവ് മുഹമ്മദ് ഷുഹൈബിന്റെ ചിത്രം പങ്കുവെച്ചാണ് ഹരീഷിന്റെ പോസ്റ്റ്. ഷുഹൈബ് ആര്‍.എം.പി സ്ഥാനാര്‍ഥിയായി കോഴിക്കോട് കോര്‍പറേഷനിലെ 61ാം വാര്‍ഡിലാണ് മത്സരിക്കുന്നത്. സി.പി.ഐ.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഷുഹൈബ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hareesh Perady Criticise Alan Shuaib Father and Support Kodiyeri Balakrishnan