നാടകത്തിലൂടെ അഭിനയജീവിതം ആരംഭിച്ച് സീരിയലുകളിലൂടെ സിനിമയിലെത്തിയ നടനാണ് ഹരീഷ് പേരടി. ചുരുങ്ങിയ കാലം കൊണ്ട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച മലൈക്കോട്ടൈ വാലിബനാണ് ഹരീഷിന്റെ പുതിയ ചിത്രം. ലിജോയുടെ സിനിമയില്‍ ആദ്യമായി എത്തിയ അനുഭവത്തെക്കുറിച്ച് കൗമുദി ടി.വി. ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.
‘സിനിമ മാത്രമാണ് ലിജോയുടെ മനസില്‍. ഷൂട്ടിന്റെ ആദ്യത്തെ ദിവസങ്ങളില്‍ തന്നെ എനിക്കത് മനസിലായി. ആദ്യമായിട്ട് ലിജോയുടെ പടത്തില്‍ അഭിനയിക്കുന്നതിന്റെ എക്‌സൈറ്റ്‌മെന്റ് ഒക്കെ ഉണ്ടായിരുന്നു. ലിജോയോട് സംസാരിക്കാന്‍ വേണ്ടി പോവുമ്പോഴൊക്കെ പുള്ളി നമ്മളെ കാണില്ല. അടുത്ത സീന്‍ എങ്ങനെ എടുക്കണം എന്നൊക്കെയുള്ള ചിന്തയിലായിരിക്കും. രാവിലെ നമ്മള്‍ പുള്ളിയെക്കണ്ട് ഒരു ഗുഡ് മോണിങ് ഒക്കെ പറയാമെന്ന് വിചാരിച്ച് പോവും. പക്ഷേ മൂപ്പര്‍ നമ്മളെ മൈന്‍ഡ് ചെയ്യില്ല. ഷോട്ട് എടുക്കാന്‍ നേരത്ത് മാത്രമേ നമ്മളെ അന്വേഷിക്കുള്ളൂ. അതുവരെ നമ്മള്‍ പുള്ളിയുടെ അടുത്ത് ഉണ്ടെങ്കില്‍ പോലും നമ്മളെ ശ്രദ്ധിക്കില്ല. കാരണം പുള്ളിയുടെ മനസില്‍ സിനിമ മാത്രമേയുള്ളൂ.
പ്രതിഭയും പ്രതിഭാസവും തന്നെയാണ് ലാലേട്ടനും ലിജോയും. ഞാന്‍ ആഗ്രഹിച്ചിരുന്നു, ലിജോയുടെ കൂടെ വര്‍ക്ക് ചെയ്യണമന്ന്. ഈ.മ.യൗവും ജല്ലിക്കെട്ടും കണ്ടപ്പോഴാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ സമയമായെന്ന്. പക്ഷേ ഞാന്‍ ലിജോയോട് അവസരം ചോദിച്ചിട്ടില്ല. എങ്ങനെയോ നമ്മുടെ മനസിന്റെ ആഗ്രഹം ലിജോ അറിഞ്ഞതുപോലെയാണെന്ന് തോന്നുന്നു, അദ്ദേഹം എന്നെ വിളിച്ചു. അത് വലിയൊരു സന്തോഷം നല്‍കുന്ന കാര്യമാണ്,’ ഹരീഷ് പറഞ്ഞു.
അതേ സമയം കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ വാലിബന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, സൊണാലി കുല്‍ക്കര്‍ണി, ഡാനിഷ് സേട്ട് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ജോണ്‍ ആന്‍ഡ് മേരി ക്രിയോറ്റീവ്‌സിന്റെ ബാനറില്‍ ഷിബു ബേബി ജോണാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlight: Hareesh Peradi talks about the shooting experience with Lijo Jose Pellissery