മാന്‍ ഓഫ് ദ സീരീസ് ട്രോഫി നടരാജന് നല്‍കി പാണ്ഡ്യ, പരമ്പരയുടെ ട്രോഫി നല്‍കി കോഹ്‌ലി; ഹൃദ്യമായി പുരസ്‌കാരചടങ്ങ്
India-Australia
മാന്‍ ഓഫ് ദ സീരീസ് ട്രോഫി നടരാജന് നല്‍കി പാണ്ഡ്യ, പരമ്പരയുടെ ട്രോഫി നല്‍കി കോഹ്‌ലി; ഹൃദ്യമായി പുരസ്‌കാരചടങ്ങ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 8th December 2020, 6:34 pm

സിഡ്‌നി: ഓസീസിനെതിരായ ടി-20 പരമ്പരയില്‍ ഇന്ത്യയുടെ ഹര്‍ദിക് പാണ്ഡ്യ മാന്‍ ഓഫ് ദ സീരിസ്. രണ്ടാം ടി-20 യില്‍ 22 പന്തില്‍ 42 റണ്‍സെടുത്ത പാണ്ഡ്യയുടെ മികവിലാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

ഇന്ന് നടന്ന അവസാന മത്സരത്തില്‍ 13 പന്തില്‍ 20 റണ്‍സാണ് പാണ്ഡ്യ നേടിയത്. അതേസമയം തന്റെ മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം പാണ്ഡ്യ അരങ്ങേറ്റക്കാരന്‍ നടരാജന് കൈമാറിയത് പുരസ്‌കാര ദാനചടങ്ങിനെ ഹൃദ്യമാക്കി.

നടരാജന്റെ ആദ്യ ടി-20 പരമ്പരയായിരുന്നു ഇത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റാണ് നടരാജന്‍ നേടിയത്.

ടീം ഇന്ത്യ പുരസ്‌കാര ചടങ്ങിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ ട്രോഫി പിടിച്ചതും നടരാജനായിരുന്നു.

പര്യടനത്തില്‍ നെറ്റ് ബൗളറായി തെരഞ്ഞെടുത്തിരുന്നു നടരാജന് വരുണ്‍ ചക്രവര്‍ത്തിയുടെ പരിക്കാണ് തുണയായത്.

12 റണ്‍സിനാണ് മൂന്നാം ടി-20യില്‍ ആതിഥേയര്‍ ജയിച്ചത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 61 പന്തില്‍ 85 റണ്‍സെടുത്തെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ കളിയിലെ ഹീറോ പാണ്ഡ്യ 20 ഉം ശിഖര്‍ ധവാന്‍ 28 ഉം റണ്‍സെടുത്തും പുറത്തായി.

സഞ്ജു (10) ഇന്നും നിരാശപ്പെടുത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 186 റണ്‍സെടുത്തത്. 53 പന്തില്‍ നിന്നും 80 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മാത്യു വെയ്ഡിന്റെ ബാറ്റിങ് മികവിലാണ് ഓസിസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

36 പന്തുകളില്‍ നിന്നും 54 റണ്‍സെടുത്ത് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ഗ്ലെന്‍ മാക്സ്‌വെല്ലും ഓസിസ് സ്‌കോറിംഗിനെ സഹായിച്ചു. ഇന്ത്യയ്ക്കുവേണ്ടി വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ടും നടരാജനും ഠാക്കൂറും ഓരോ വിക്കറ്റ് വീതം വീഴത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Hardik Pandya Hands His Man Of The Series Trophy To T Natarajan