ഇങ്ങനെ പോയാല്‍ ചെന്നൈ 200 അടിക്കുമെന്നാണ് ഞങ്ങള്‍ വിചാരിച്ചത്; പക്ഷെ അത് സംഭവിച്ചതോടെ കളിമാറി: ഹാര്‍ദിക്
Sports News
ഇങ്ങനെ പോയാല്‍ ചെന്നൈ 200 അടിക്കുമെന്നാണ് ഞങ്ങള്‍ വിചാരിച്ചത്; പക്ഷെ അത് സംഭവിച്ചതോടെ കളിമാറി: ഹാര്‍ദിക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 1st April 2023, 12:01 pm

ആവേശകരമായ തുടക്കമാണ് ഇത്തവണ ഐ.പി.എല്ലില്‍ കാണാനായത്. ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ആദ്യ മത്സരം തന്നെ ആരാധകരെ മുള്‍ മുനയില്‍ നിര്‍ത്തിയിരുന്നു. മുന്‍ ചാമ്പ്യന്‍മാരും നിലവിലെ ചാമ്പ്യന്‍മാരും തമ്മിലുള്ള മത്സരത്തില്‍ ചെന്നൈയെ 5 വിക്കറ്റിന് തോല്‍പിച്ചാണ് ഗുജറാത്ത് ടൈറ്റന്‍സ് 2023ലെ ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ്യ ഓവറുകളില്‍ തന്നെ ഓപ്പണര്‍ ഡിവോണ്‍ കോണ്‍വേയെ ചെന്നൈക്ക് നഷ്ടമായി. പിന്നീട് എത്തിയ മോയിന്‍ അലിയോടൊപ്പം റിതുരാജ് ഗെയ്ക്‌വാദ് നടത്തിയ വെടിക്കെട്ടാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്‌കോറില്ലെത്തിച്ചത്. പക്ഷെ പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീണതാണ് ചെന്നൈക്ക് തിരിച്ചടിയായത്. അവസാന ഓവറില്‍ ക്യാപ്റ്റന്‍ ധോണി നടത്തിയ വെടിക്കെട്ടാണ് ടീം സ്‌കോര്‍ 178ലെത്തിച്ചത്.

ഒരു ഘട്ടത്തില്‍ ടീം ടോട്ടല്‍ 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും റിതുരാജിന്റെ വിക്കറ്റാണ് ചെന്നൈക്ക് തിരിച്ചടിയായത്. മറുപടി ബാറ്റിങ്ങില്‍ ശുഭ്മാന്‍ ഗില്ലിലൂടെ ചെന്നൈക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയാണ് ഗുജറാത്ത് വിജയം നേടിയത്. 36 പന്തില്‍ 63 റണ്‍സെടുത്ത ഗില്ലിനൊപ്പം മധ്യനിരയും കൂടെ നിന്നതോടെ അവസാന ഓവറിന്റെ രണ്ടാം പന്തില്‍ ടൈറ്റന്‍സ് വിജയം പിടിച്ചെടുത്തു.

മത്സരത്തില്‍ ചെന്നൈ താരം റിതുരാജിന്റെ വെടിക്കെട്ടിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ. റിതുരാജിന്റെ വിക്കറ്റിനായി തങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടെന്നും ഒരിടക്ക് ചെന്നൈ ടീം 220 റണ്‍സ് വരെ എടുത്തേക്കുമെന്നാണ് കരുതിയതെന്നും പാണ്ഡ്യ പറഞ്ഞു.

‘ഒരു സമയത്ത് ഞങ്ങള്‍ കരുതിയത് ചെന്നൈ സ്‌കോര്‍ 220-230 വരെ എത്തുമെന്നാണ്. റിതുരാജിനെതിരെ എങ്ങനെ ബോളെറിയണമെന്ന് പോലും ഞങ്ങള്‍ക്കറിയില്ലായിരുന്നു. സത്യം പറഞ്ഞാല്‍ ഇന്നത്തെ കളിയില്‍ അവനെ ഔട്ടാക്കാമെന്ന് എനിക്ക് തീരെ വിശ്വാസമില്ലായിരുന്നു. മോശം ബോളുകള്‍ മാത്രമല്ല നല്ല ബോളുകളും അവന്‍ അടിച്ച് പറത്തി.

ഒരു ക്യപ്റ്റനെന്ന നിലയിലും ബോളറെന്ന നിലയിലും സത്യം പറഞ്ഞാല്‍ ഇന്നത്തെ മാച്ചില്‍ എനിക്ക് അവനൊരു തലവേദനയായിരുന്നു,’ ഹാര്‍ദിക് പറഞ്ഞു.

അതിനിടെ ഇന്ന് രണ്ട് മത്സരങ്ങളാണ് ഐ.പി.എല്ലിലുള്ളത്. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും രണ്ടാം മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെയും നേരിടും.

Content Highlight: hardik pandya comment on chennai player after first match