വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടമണിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ കപ്പുയര്‍ത്തിയത്.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റും അഞ്ച് പന്തും ശേഷിക്കെ മറികടന്നാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.
View this post on Instagram
അംബാട്ടി റായിഡുവിന്റെ അര്‍ധ സെഞ്ച്വറിയും ഗുര്‍കിരാത് മന്‍, യൂസുഫ് പത്താന്‍ എന്നിവരുടെ ഇന്നിങ്സുകളുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
മത്സരത്തില്‍ വിജയച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍. പാകിസ്ഥാനെതിരെയുള്ള കിരീട നേട്ടം ഏറെ സ്‌പെഷ്യലാണെന്ന് ഹര്‍ഭജന്‍ സിങ് പറഞ്ഞപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം ജയിച്ച അതേ ഗ്രൗണ്ടില്‍ വെച്ചുതന്നെ മറ്റൊരു കിരീടമണിഞ്ഞതിന്റ സന്തോഷമാണ് സുരേഷ് റെയ്‌നക്കുള്ളത്.
‘ഒരു കിരീടം നേടുക, അതും പാകിസ്ഥാനെ തോല്‍പിച്ച് കിരീടമണിയുക, ഇത് വളരെ വലിയ ഒരു നേട്ടമാണ്. ചക് ദേ ഇന്ത്യ,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.
‘ഞങ്ങള്‍ ഈ ഗ്രൗണ്ടില്‍ വെച്ചാണ് ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയത്. ഇപ്പോള്‍ ഇതേ ഗ്രൗണ്ടില്‍ വെച്ചുതന്നെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് കിരീടവും ഞങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിച്ചു. ദൈവം ഞങ്ങളോട് എന്നും ദയയുള്ളവനായിരുന്നു,’ റെയ്‌ന സന്തോഷം പങ്കുവെച്ചു.
View this post on Instagram
2013ലാണ് ഇന്ത്യ രണ്ടാം ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ഹോം ടീമായ ഇംഗ്ലണ്ടായിരുന്നു എതിരാളികള്‍. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ ലോ സ്‌കോറിങ് ത്രില്ലറില്‍ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.
ഇന്ത്യ ഉയര്‍ത്തിയ 130 റണ്‍സ് ലക്ഷ്യം മറികടക്കാനെത്തിയ ഇംഗ്ലണ്ട് 124 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
അതേസയം, പാകിസ്ഥാനെതിരെ നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ഫൈനല്‍ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി.
അംബാട്ടി റായിഡുവിന്റെ അര്‍ധ സെഞ്ച്വറിയും ഗുര്‍കിരാത് മന്‍, യൂസുഫ് പത്താന്‍ എന്നിവരുടെ ഇന്നിങ്സുകളുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ടീം സ്‌കോര്‍ 14ല്‍ നില്‍ക്കവെ സൂപ്പര്‍ താരം ഷര്‍ജീല്‍ ഖാനെ നഷ്ടമായെങ്കിലും ടീമിന്റെ ടോപ് ഓര്‍ഡര്‍ ചെറുത്തുനിന്നു.
ഷോയ്ബ് മഖ്‌സൂദ് 12 പന്തില്‍ 21 റണ്‍സ് നേടി മടങ്ങിയപ്പോള്‍ കമ്രാന്‍ അക്മല്‍ 19പന്തില്‍ 24 റണ്‍സും നേടി. 36 പന്തില്‍ 41 റണ്‍സ് നേടിയ ഷോയ്ബ് മാലിക്കാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മൂന്ന് സിക്‌സറാണ് താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.
View this post on Instagram
ഒമ്പതാം നമ്പറില്‍ ക്രീസിലെത്തിയ സൊഹൈല്‍ തന്‍വീറാണ് പാകിസ്ഥാന്റെ മറ്റൊരു റണ്‍ ഗെറ്റര്‍. ഒമ്പത് പന്തില്‍ പുറത്താകാതെ 19 റണ്‍സാണ് താരം നേടിയത്. രണ്ട് ഫോറും ഒരു സിക്‌സറും തന്‍വീര്‍ സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു. ഓപ്പണര്‍മാര്‍ ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 34 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
മൂന്നാം ഓവറിലെ നാലാം പന്തില്‍ സെമി ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്ന റോബിന്‍ ഉത്തപ്പയെ ഇന്ത്യക്ക് നഷ്ടമായി. ആമേര്‍ യാമിന്റെ പന്തില്‍ സൊഹൈല്‍ ഖാന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. പിന്നാലെയെത്തിയ സുരേഷ് റെയ്‌ന നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്തായി.
View this post on Instagram
എന്നാല്‍ പിന്നാലെയെത്തിയ ഗുര്‍കിരാത് മന്‍, യൂസുഫ് പത്താന്‍ എന്നിവരുടെ കരുത്തില്‍ അഞ്ച് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
Content Highlight: Harbhajan Sing and Suresh Raina about winning World Championship of Legends tournament