ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് യുവരാജ് സിംഗ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ടീമിന് മികച്ച സംഭാവനകള്‍ നല്‍കാന്‍ യുവിക്ക് സാധിച്ചിരുന്നു. ഒരുകാലത്ത് ഇന്ത്യന്‍ ടീമിന്റെ ഭാവി ക്യാപ്റ്റനാകാന്‍ യുവി പരിഗണനയിലുണ്ടായിരുന്നു.
എന്നാല്‍ ധോണിയുടെ കാലഘട്ടത്തില്‍ അദ്ദേഹത്തെ മറികടന്ന് ക്യാപ്റ്റന്‍ ആകാന്‍ യുവിക്കായില്ല. എന്നാല്‍ ഇപ്പോഴിതാ യുവരാജ് ഒരു മികച്ച ലീഡര്‍ ആയിരുന്നേനെ എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗ്.
യുവരാജ് സിംഗ് ദേശീയ ടീമിന്റെ ക്യാപ്റ്റനായിരുന്നെങ്കില്‍ തന്റെ കരിയര്‍ ചുരുങ്ങുമായിരുന്നെന്നാണ് ഹര്‍ഭജന്‍ സിംഗ് കരുതുന്നത്. താന്‍ കളിച്ച ക്യാപ്റ്റന്‍മാരെല്ലാം തന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ ടീമില്‍ എടുത്തതെന്നാണ് ഇതിഹാസ സ്പിന്നര്‍ കണക്കാക്കുന്നത്.
‘യുവരാജ് ക്യാപ്റ്റനായിരുന്നെങ്കില്‍ പ്ലെയേര്‍സെല്ലാം നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന് ഒരു വലിയ നേതാവാകാനുള്ള പൊട്ടെന്‍ഷ്യല്‍ ഉണ്ടായിരുന്നു,’ ഹര്‍ഭജന്‍ പറഞ്ഞു
യുവി ഒരു ചാമ്പ്യന്‍ ക്രിക്കറ്റ് കളിക്കാരനായിരുന്നുവെന്നും, 2011 ലോകകപ്പില്‍ അദ്ദേഹം പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് നേടിയത് അതിന്റെ തെളിവാണെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.
1998ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ഭാജി, 2016-ലായിരുന്നു രാജ്യത്തിനായി തന്റെ അവസാന മത്സരം കളിച്ചത്. മറ്റെന്തിനേക്കാളും മുമ്പ് ടീമിന് മുന്‍ഗണന കൊടുക്കുക എന്നതാണ് ഒരു ക്യാപ്റ്റന് പ്രധാനമെന്നും 41-കാരന്‍ പറഞ്ഞു.
യുവരാജ് സിങ്ങും ഹര്‍ഭജനും വര്‍ഷങ്ങളോളം ഒരുമിച്ച് കളിച്ചിട്ടുണ്ട്. 2007 (ടി-20)ലേയും 2011ലെയും ലോകകപ്പ് വിജയങ്ങളില്‍ ഇരുവരും പ്രധാന പങ്ക് വഹിച്ചിരുന്നു.