'സീനിയര്‍ സംവിധായകന് താങ്കള്‍ കാരണം രണ്ട് മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നു'; പോസ്റ്റിന് മറുപടിയുമായി ഷെയ്ന്‍ നിഗം
Film News
'സീനിയര്‍ സംവിധായകന് താങ്കള്‍ കാരണം രണ്ട് മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നു'; പോസ്റ്റിന് മറുപടിയുമായി ഷെയ്ന്‍ നിഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd August 2022, 2:03 pm

ബര്‍മുഡ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് മറുപടിയുമായി ഷെയ്ന്‍ നിഗം. തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ നടന്ന പരിപാടിയില്‍ ഷെയ്ന്‍ നിഗം വരുന്നതും കാത്ത് രണ്ട് മണിക്കൂറിന് മുകളില്‍ സംവിധായകന്‍ രാജീവ് കുമാര്‍ ഉള്‍പ്പെടെയുള്ള സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് പൊരിവെയിലത്ത് കാത്ത് നില്‍ക്കേണ്ടി വന്നുവെന്നാണ് സിനി ഫൈല്‍ മൂവി ഗ്രൂപ്പില്‍ അര്‍ച്ചന മഹേഷ് എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

അങ്ങേയറ്റം ആദരവ് അര്‍ഹിക്കുന്ന ഒരു സീനിയര്‍ സംവിധായകനെയൊക്കെ മനപൂര്‍വം ഇങ്ങനെ നോക്കുകുത്തിയെ പോലെ നിര്‍ത്തുക എന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും എല്ലാം തന്റെ ഇഷ്ടത്തിന് നടക്കണം എന്ന മട്ടാണ് ഷെയ്ന്‍ എപ്പോഴും കൈക്കൊള്ളുന്നതെന്നും കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. ഈ പോസ്റ്റിനാണ് ഷെയ്ന്‍ മറുപടി നല്‍കിയത്.

‘മനപ്പൂര്‍വം വെയിറ്റ് ചെയ്യിപ്പിച്ചു എന്ന് താങ്കള്‍ പോസ്റ്റില്‍ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? വൈകി എത്തിയത് എന്തുകൊണ്ട് എന്നത് എനിക്കും അറിയാം രാജീവ് സാറിനും അറിയാം. എന്താണ് താങ്കളുടെ പ്രശ്നം?,’ എന്നാണ് ഷെയ്ന്‍ മറുപടി നല്‍കിയത്. ഷെയ്‌നെ പിന്തുണച്ച് നിരവധി പേരാണ് കമന്റ് ബോക്‌സില്‍ എത്തിയത്.

സിനി ഫൈലില്‍ വന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മിസ്റ്റര്‍ ഷെയ്ന്‍ നിഗം.
ഒരു സീനിയര്‍ സംവിധായകനെ എങ്ങനെ റെസ്പെക്ട് ചെയ്യണം എന്നൊക്കെ നിങ്ങള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ടി.കെ. രാജീവ് കുമാര്‍ സര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ബര്‍മുഡയുടെ പ്രൊമോഷന്‍ ഇവന്റ് തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു.

പടത്തിലെ നായകനായ ഷെയ്ന്‍ നിഗം പ്രോഗ്രാമിന് വരുന്നതും കാത്ത് രണ്ട് മണിക്കൂറിന് മുകളില്‍ സംവിധായകന്‍ രാജീവ് കുമാര്‍ സാര്‍ ഉള്‍പ്പെടെയുള്ള സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് പൊരിവെയിലത്ത് കാത്ത് നില്‍ക്കേണ്ടി വന്നു.

അങ്ങേയറ്റം ആദരവ് അര്‍ഹിക്കുന്ന ഒരു സീനിയര്‍ സംവിധായകനെയൊക്കെ മനപൂര്‍വം ഇങ്ങനെ നോക്കുകുത്തിയെ പോലെ നിര്‍ത്തുക എന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നില്ല.
ഒരുപക്ഷേ ഇന്നത്തെ പിളേളര്‍ക്കും ഷെയ്നും ഒക്കെ അദ്ദേഹത്തെ വേണ്ടത്ര പരിചയമില്ലായിരിക്കാം.
എന്നാല്‍ നമ്മുടെയൊക്കെ അച്ഛനോടോ വീട്ടിലെ മുതിര്‍ന്ന ആള്‍ക്കാരോടോ ചോദിച്ചാല്‍ അവര്‍ പറഞ്ഞു തരും രാജീവ് കുമാര്‍ സര്‍ ആരാണെന്ന്.

എന്തിനേറെ പറയുന്നു. കലാഭവന്‍ അബിക്ക് പോലും ഗുരു തുല്യനായ ആളായിരിക്കും ടി.കെ. രാജീവ് കുമാര്‍ സര്‍. എല്ലാം തന്റെ ഇഷ്ടത്തിന് നടക്കണം എന്ന മട്ടാണ് ഷെയ്ന്‍ എപ്പോഴും കൈക്കൊള്ളുന്നത്. ഒരു നടന്‍ എന്ന നിലയില്‍ ഈ അഹങ്കാരം ഒട്ടും നല്ലതല്ല കേട്ടോ.

ഇതിന് മുമ്പും വെയില്‍ സിനിമയുടെ ഷൂട്ടിങ്ങിന് ഇടയില്‍ മുടി മുറിച്ച് ഷൂട്ടിങ് തടസ്സപ്പെടുത്തിയ കാര്യവും പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല. തന്റെ സിനിമ മോശമായാലും വിമര്‍ശിക്കാന്‍ പാടില്ല, നെഗറ്റീവ് റിവ്യൂസ് ഇടാന്‍ പാടില്ല എന്നൊക്കെ പറയുന്നത് കുറച്ച് ഓവറല്ലേ ഷെയ്ന്‍ ബ്രോ. മനുഷ്യന് തിരിച്ചറിവുകള്‍ നല്ലതാണ്, അങ്ങനെ തന്നെ സംഭവിക്കട്ടെ.

Content Highlight: Shane Nigam has responded to the allegations against him in connection with the promotion of his new film Bermuda