ഹലാല്‍ ചിക്കന്‍ കഴിക്കണമെന്ന് ആരെങ്കിലും നിര്‍ബന്ധിക്കുന്നുണ്ടോ?; സി.പി.ഐ.എമ്മും ബി.ജെ.പിയും മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്നുവെന്ന് ചെന്നിത്തല
Halal Food
ഹലാല്‍ ചിക്കന്‍ കഴിക്കണമെന്ന് ആരെങ്കിലും നിര്‍ബന്ധിക്കുന്നുണ്ടോ?; സി.പി.ഐ.എമ്മും ബി.ജെ.പിയും മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്നുവെന്ന് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th February 2021, 7:36 pm

കൊല്ലം: കേരളത്തില്‍ മുസ്‌ലീങ്ങള്‍ക്കെതിരായി മറ്റ് സമുദായങ്ങളുടെ എതിര്‍പ്പ് വളര്‍ത്താന്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യകേരള യാത്രയുടെ കൊല്ലം ജില്ലയിലെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബോധപൂര്‍വ്വമായി ബി.ജെ.പിയും സി.പി.ഐ.എമ്മും കേരളത്തിലെ മുസ്‌ലീം സഹോദരങ്ങള്‍ക്കെതിരായി മറ്റ് സമുദായങ്ങളുടെ എതിര്‍പ്പ് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നു. ഹലാല്‍ ചിക്കന്‍ വേണ്ടെന്ന് എല്ലായിടത്തും എഴുതിവെക്കുന്നു. ആരാണിത്? ഹലാല്‍ ചിക്കന്‍ കഴിക്കണമെന്ന് ആരെങ്കിലും നിര്‍ബന്ധിക്കുന്നുണ്ടോ?’, ചെന്നിത്തല ചോദിക്കുന്നു.

ഇത് കേരളത്തിന് ഗുണകരമല്ല. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും ഒരു മതത്തില്‍ വിശ്വാസിക്കാത്തവരും ഒരമ്മ പെറ്റ മക്കളെപ്പോലെ ജീവിക്കേണ്ട നാടാണിത്. രണ്ട് വോട്ടിന് വേണ്ടി എന്ത് വര്‍ഗീയ കളിയും കളിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തെ എറണാകുളത്ത് ഒരു ഹോട്ടലില്‍ ഹലാല്‍ ഭക്ഷണം ലഭ്യമാണ് എന്ന സ്റ്റിക്കര്‍ പതിപ്പിച്ചതിനെതിരെ ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരുന്നു.

ഡിസംബര്‍ 28 ാം തിയതിയാണ് സംഭവം. കുറുമശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ച കടയുടെ മുന്‍പില്‍ ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്റ്റിക്കര്‍ ഒട്ടിച്ച് വെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഭീഷണിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെ എറണാകുളം നോര്‍ത്ത് പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം എറണാകുളത്ത് ഒരു ഹോട്ടലില്‍ ഹലാല്‍ വിരുദ്ധ ഭക്ഷണം എന്ന ബോര്‍ഡും തൂക്കിയിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഹലാല്‍ ചിക്കന്‍ അടക്കമുള്ളവയെക്കെതിരെ വലിയ പ്രചരണം നടന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Halal Chicken Controversy Ramesh Chennithala CPIM BJP