മുംബൈ: ബി.ജെ.പി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെയും കാവല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും വീണ്ടും പരിഹസിച്ചും വിമര്‍ശിച്ചും ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. പാര്‍ട്ടി മുഖ്യമന്ത്രിയുണ്ടാകുമെന്നു തന്റെ അച്ഛനായ ബാലാസാഹേബിനോടു താന്‍ വാഗ്ദാനം ചെയ്തിരുന്നതായും അതു നിറവേറ്റാന്‍ തനിക്ക് ഷായുടെയോ ഫഡ്‌നാവിസിന്റെയോ ആവശ്യമില്ലെന്നും താക്കറെ തുറന്നടിച്ചു.
‘ഗംഗ വൃത്തിയാക്കുമ്പോള്‍ അവരുടെ മനസ്സും മലിനീകരിക്കപ്പെട്ടു. തെറ്റായ വ്യക്തികളുമായാണു ഞങ്ങള്‍ സഖ്യത്തിലേര്‍പ്പെട്ടതെന്ന് എനിക്കു തോന്നുന്നു.’- താക്കറെ പറഞ്ഞു.
താക്കറെ കുടുംബത്തിനെതിരെ ആദ്യമായാണ് ഒരാള്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഫഡ്‌നാവിസിന്റെ ആരോപണത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. തങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘എനിക്ക് ബാലാസാഹേബിന്റെ നുണയനായ മകനായി ജനങ്ങള്‍ക്കു മുന്നില്‍ ചെല്ലാനാവില്ല. അതുകൊണ്ടാണ് എനിക്കു നല്ലതെന്നു തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നത്.’- അദ്ദേഹം പറഞ്ഞു.
‘ചര്‍ച്ചയ്ക്കുള്ള വാതിലുകള്‍ ഇപ്പോഴും തുറന്നുകിടക്കുകയാണ്. ഞങ്ങളുടെ ഭാഗത്തുനിന്ന് ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങള്‍ തുറന്നിട്ടിരിക്കുമ്പോള്‍ സേന എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇതു ശരിയായ നിലപാടല്ല എന്നാണ് എനിക്കു തോന്നുന്നത്.’- മുഖ്യമന്ത്രിപദം രാജിവെച്ച ശേഷം ഫഡ്‌നാവിസ് മാധ്യമങ്ങളോടു പറഞ്ഞു.
താക്കറെയുടെ സാന്നിധ്യത്തില്‍ 50:50 ഫോര്‍മുല ചര്‍ച്ച ചെയ്തിട്ടില്ല. ബി.ജെ.പിയുടെ കേന്ദ്രനേതൃത്വവും ഇക്കാര്യം അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സേന ഞങ്ങളുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുന്നില്ല. പക്ഷേ കോണ്‍ഗ്രസ്, എന്‍.സി.പി നേതാക്കളുമായി ദിവസവും കൂടിക്കാഴ്ചകള്‍ നടക്കുന്നു.’- ഫഡ്‌നാവിസ് പറഞ്ഞു.
‘ഞാന്‍ സേനയെ വിമര്‍ശിക്കുന്നില്ല. പക്ഷേ സേനയുമായി ബന്ധപ്പെട്ട ആളുകള്‍ ദിവസവും പ്രസ്താവനകള്‍ ഇറക്കുകയാണ്. അതിനോടു പ്രതികരിക്കുന്നില്ലെന്നു ഞങ്ങള്‍ തീരുമാനിച്ചതാണ്. ഞങ്ങള്‍ക്ക് അതേ മാര്‍ഗത്തില്‍ പ്രതികരിക്കാവുന്നതാണ്, പക്ഷേ അതു ചെയ്യുന്നില്ല.
ഞങ്ങളോടൊപ്പം ഇവിടെയും കേന്ദ്രത്തിലും അധികാരത്തിലിരുന്ന ശേഷം പ്രധാനമന്ത്രി അടക്കമുള്ള ഞങ്ങളുടെ നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ് അവര്‍. അതു തെറ്റാണ്. കോണ്‍ഗ്രസും പ്രതിപക്ഷവും പോലും ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല.’- ഫഡ്‌നാവിസ് പറഞ്ഞു.