മെസിയെ 'സൈഡാക്കി' ഹാലണ്ട്; അടുത്ത G.O.A.T എന്ന് ആരാധകർ
football news
മെസിയെ 'സൈഡാക്കി' ഹാലണ്ട്; അടുത്ത G.O.A.T എന്ന് ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd January 2023, 3:17 pm

ഫ്രഞ്ച് കോട്ട തകർത്ത് ലോകകപ്പിൽ മുത്തമിട്ടതോടുകൂടി ലോക ഫുട്ബോളിലെ ഇതിഹാസ താരമാണ് മെസിയെന്ന് വിമർശകർ പോലും അംഗീകരിക്കാൻ തുടങ്ങി. നീണ്ട നാളത്തെ കിരീടവരൾച്ചക്ക് ശേഷമാണ് കോപ്പാ അമേരിക്ക,ഫൈനലിസിമ, ലോകകപ്പ് മുതലായ മൂന്ന് ടൈറ്റിലുകൾ മെസിയും സംഘവും തൂത്തുവാരിയത്.

ഇനി നേരിടാൻ എതിരാളികളൊന്നും ബാക്കിയില്ലെന്ന അവസ്ഥയിൽ നിൽക്കുന്നു എന്ന് ഫുട്ബോൾ വിദഗ്ധർ വിലയിരുത്തുന്ന മെസിക്ക് മികച്ച എതിരാളിയായി ഉയർന്ന് വരികയാണ് നോർവീജിയൻ താരമായ മാഞ്ചസ്റ്റർ സിറ്റിയുടെ 22 കാരൻ താരം എർലിങ് ഹാലണ്ട്.

ഇത് വരെ പ്രീമിയർ ലീഗിൽ നിരവധി റെക്കോർഡുകൾ ഇട്ട താരം പല പഴയ റെക്കോഡുകളും പഴങ്കഥയാക്കാനായി തന്റെ ജൈത്രയാത്ര തുടരുകയാണ്.

നിലവിൽ പ്രീമിയർ ലീഗിൽ വേഗത്തിൽ ഇരുപത് ഗോൾ തികയ്ക്കുന്ന താരവും, വേഗത്തിൽ മൂന്ന് ഹാട്രിക്കുകൾ തികക്കുന്ന താരവും ഹാലണ്ടാണ്.

കൂടാതെ 1997-1998, 1998-1999, 2006-2007, 2008-2009, 2010-2011 വർഷങ്ങളിലെ പ്രീമിയർ ലീഗ് ടോപ്പ് സ്കോറർമാർ നേടിയതിനേക്കാൾ കൂടുതൽ ഗോളുകൾ ഹാലണ്ട് വെറും 16 മത്സരങ്ങൾ നിന്നും കരസ്ഥമാക്കി.

എന്നാൽ മെസിയുടെ ആർക്കും തകർക്കാൻ പറ്റാത്ത റെക്കോഡ് എന്നറിയപ്പെടുന്ന ഒരു കലണ്ടർ വർഷത്തെ 91 ഗോളുകൾ എന്ന നേട്ടം ഹാലണ്ട് മറികടക്കുമെന്നാണ് ഫുട്ബോൾ വിദഗ്ധർ ഇപ്പോൾ അഭിപ്രായപ്പെടുന്നത്.

എന്നാൽ മെസിയുടെ ബാഴ്സയിലെ ഏറ്റവും കൂടുതൽ ഗോൾ സ്വന്തമാക്കിയ 2011-12 സീസണിലെ ഡാറ്റയും ഹാലണ്ടിന്റെ സിറ്റിയിലെ ആദ്യ 16 മത്സരങ്ങളുടെ ഡാറ്റയും താരതമ്യം ചെയ്ത് മെസിയെ ഹാലണ്ട് മറികടക്കുമോ എന്ന് പരിശോധിക്കുകയാണ് സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്ക.

ലാ ലിഗയിലെ 2011-12 സീസണിലെ ആദ്യ 16 മത്സരങ്ങളിൽ നിന്നും 17 ഗോളുകളാണ് മെസി സ്വന്തമാക്കിയത്. എന്നാൽ ഹാലണ്ട് 16 മത്സരങ്ങളിൽ നിന്നും മൂന്ന് ഹാട്രിക്കുൾപ്പടെ ഇതുവരെ 21 ഗോളുകൾ നേടിക്കഴിഞ്ഞു.

കൂടാതെ 2011-12 ലെ ബാഴ്സലോണയെക്കാൾ മികച്ച രീതിയിൽ ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്ന സിറ്റിയിൽ ഹാലണ്ടിന് കലണ്ടർ വർഷം 91 ഗോളുകൾ എന്ന റെക്കോർഡ്‌ തകർക്കാൻ സാധിച്ചേക്കും എന്നും മാർക്കയുടെ റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഹാലണ്ടാണ് അടുത്ത തലമുറയിലെ G.O.A.T എന്ന രീതിയിൽ പല ചർച്ചകളും സോഷ്യൽ മീഡിയയിൽ അടക്കം നടക്കുന്നുണ്ട്. കൂടാതെ എംബാപ്പെയും ഹാലണ്ടും തമ്മിലുള്ള പോരാട്ടമായിരിക്കും ഭാവിയിൽ ഉണ്ടാകാൻ സാധ്യത എന്നും ആരാധകർ വിലയിരുത്തുന്നു.

അതേസമയം മികച്ച താരങ്ങളുടെ പിൻബലം ഉണ്ടായിട്ടും പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ 36 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. 16 കളികളിൽ നിന്നും 43 പോയിന്റോടെ ഒന്നാമതുള്ള ആഴ്സണലാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.

 

 

Content Highlights:Haaland overtake Messi; Fans call him the next G.O.A.T