ഗാന്ധിനഗര്‍: കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഗുജറാത്തിലെ താക്കൂര്‍ വിഭാഗം. മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം കുട്ടികള്‍ തെറ്റിലേക്ക് നീങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പ്രണയം, പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മിലുള്ള സൗഹൃദം തുടങ്ങിയവ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. താക്കൂര്‍ വിഭാഗത്തിനിടയിലെ ‘പരമ്പരാഗത രീതി’കളില്‍ മാറ്റം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട പ്രമേയം ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം.
‘കൗമാരക്കാരായ കുട്ടികള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമായതോടെ കുട്ടികള്‍ വഴിതെറ്റി പോകുകയാണ്. അതിനാല്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു,’ പ്രമേയത്തില്‍ പറയുന്നതായി ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസ് എം.എല്‍.എ വാവ് ജെനിബെന്‍ താക്കൂറിന്റെ നേതൃത്വത്തിലായിരുന്നു പ്രമേയം പാസാക്കിയത്.
വിവാഹനിശ്ചയത്തിലോ വിവാഹ ചടങ്ങിലോ 11 പേര്‍ മാത്രമേ പങ്കെടുക്കാവൂ. വിവാഹത്തിനും വിവാഹനിശ്ചയത്തിനുമുള്ള ചെലവുകള്‍ നിയന്ത്രിക്കണം. വിവാഹത്തിന് ഡി.ജെ സൗണ്ട് സിസ്റ്റം ഉപയോഗിക്കരുത്,’ പ്രമേയത്തില്‍ പറയുന്നു.
വിവാഹ നിശ്ചയത്തിന് ശേഷം ബന്ധം ഉപേക്ഷിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്നും പ്രമേയം വ്യക്തമാക്കുന്നു. ഈ പണം നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുമെന്നും താക്കൂര്‍ വിഭാഗം പറയുന്നു.
Content Highlight: Gujarat Takur community imposes ban for girls using mobile phones