ടൂർണമെന്റിൽ മുസ്‌ലിം ക്രിക്കറ്റ് കളിക്കാർ മികച്ച പ്രകടനം കാഴ്ചവെച്ചു ; യുവാവിനെ അടിച്ചു കൊന്ന് ഹിന്ദുത്വ വാദികൾ
India
ടൂർണമെന്റിൽ മുസ്‌ലിം ക്രിക്കറ്റ് കളിക്കാർ മികച്ച പ്രകടനം കാഴ്ചവെച്ചു ; യുവാവിനെ അടിച്ചു കൊന്ന് ഹിന്ദുത്വ വാദികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st July 2024, 11:14 am

ഗാന്ധിനഗർ: ഗുജറാത്തിൽ പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിൽ മുസ്‌ലിം കളിക്കാർ മികച്ച പ്രകടനം കാഴ്ചവെച്ചതിൽ രോഷാകുലരായ തീവ്ര ഹിന്ദുത്വ വാദികൾ കാണികളിലുള്ള മറ്റൊരു മുസ്‌ലിം യുവാവിനെ അടിച്ചുകൊന്നെന്ന് റിപ്പോർട്ട്. ഗുജറാത്തിലെ ചിദോഗ്രയിൽ നടന്ന പ്രാദേശിക മത്സരത്തിനിടെയാണ് ആക്രമണം ഉണ്ടായത്.

ഗുജറാത്തിലെ ആനന്ദിലെ പോൾസൺ നിവാസിയായ സൽമാൻ വോറയാണ് (23 ) കൊല്ലപ്പെട്ടത്. ക്രിക്കറ്റ് ആരാധകനായ സൽമാൻ ചിദോഗ്രയിൽ ക്രിക്കറ്റ് ടൂർണമെന്റ് കാണാൻ പോയതായിരുന്നെന്ന് അമ്മാവൻ നൊമാൻ അൻവർ മാധ്യമങ്ങളോട് പറഞ്ഞു. കളി നടക്കുന്നതിനിടയിൽ തന്നെ മുസ്‌ലിം കളിക്കാരുടെ മികച്ച പ്രകടനത്തിൽ തീവ്ര ഹിന്ദുത്വ വാദികൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുസ്‌ലിം കളിക്കാരുടെ മികച്ച പ്രകടനത്തിനിടെ ഹിന്ദുത്വവാദികൾ ജയ് ശ്രീറാം എന്ന് മുദ്രാവാക്യം വിളിക്കുകയും കളിക്കാരെ അധിക്ഷേപിക്കുകയും ചെയ്തിരുന്നെന്ന് സാമൂഹ്യ പ്രവർത്തകനായ ആസിം ഖേദ്വാല മാധ്യമങ്ങളോട് പറഞ്ഞു.

Also Read: പുതിയ നിയമങ്ങൾ 90-99 ശതമാനവും വെട്ടിമാറ്റലും കോപ്പി പേസ്റ്റുമാണ്; ക്രിമിനൽ നിയമങ്ങൾക്കെതിരെ വിമർശനവുമായി പി. ചിദംബരം

ടൂർണമെന്റ് കാണാൻ 5000ത്തിനടുത്ത് ജനങ്ങളുണ്ടായിരുന്നെന്നും എന്നാൽ അതിൽ മുസ്‌ലിം കാണികൾ 500 ൽ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും റിപ്പോർട്ടുകൾ പറയുന്നു. മദ്യപിച്ചെത്തിയ ഒരു വ്യക്തി തന്റെ ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സൽമാനോട് കയർക്കുകയും അത് സംഘർഷത്തിലേക്ക് വഴിയൊരുക്കുകയും ചെയ്തു.

മദ്യപിച്ച വ്യക്തി സൽമാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തായ സുഹൈലിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സൽമാൻ അവർക്കിടയിലേക്ക് ചെല്ലുകയും പ്രശ്നം പറഞ്ഞ് തീർക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അത് പതിയെ സംഘർഷമാവുകയും ആൾക്കൂട്ടം സൽമാനെ ആക്രമിക്കുകയും ചെയ്തു. ജയ്‌ ശ്രീറാം എന്ന് വിളിച്ച് കൊണ്ട് ആൾക്കൂട്ടം സൽമാനെ ആക്രമിക്കുകയായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

‘അവന്റെ ചെവി പകുതിയോളം ആരോ കടിച്ചെടുത്തിരുന്നു. കത്തി കൊണ്ടുള്ള ആക്രമണത്തിൽ അവന്റെ വൃക്കക്ക് മാരകമായി പരിക്കേറ്റു അതാണ് മരണ കാരണം. അവനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല,’ സൽമാന്റെ അമ്മാവൻ പറഞ്ഞു. സൽമാന്റെ ഭാര്യ രണ്ട് ആഴ്ച ഗർഭിണിയാണ്.

സൽമാനോടൊപ്പം മറ്റ് രണ്ട് മുസ്‌ലിം യുവാക്കൾക്കും മാരകമായി പരിക്കേറ്റിട്ടുണ്ട്.

സൽമാന്റെ കുടുംബം ആനന്ദ് റൗൾ പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കേസിൽ ഒമ്പത് ആളുകളെ പൊലിസ് അറസ്റ്റ് ചെയ്തു. രണ്ട് ആളുകളെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ടെന്ന് സൽമാന്റെ സുഹൃത്തുക്കൾ പറഞ്ഞു.

 

Content Highlight: Gujarat, angry with muslims playing well pro hinduthwa locals lynch muslim man at cricket match