ന്യൂദല്‍ഹി: കൊവിഡ് വ്യാപനവും പ്രളയ സാഹചര്യവും നിലനില്‍ക്കേ ജെ.ഇ.ഇ നീറ്റ് പരീക്ഷകള്‍ മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ഉയരുന്ന ക്യാംപയിങ്ങിന് പിന്തുണ അറിയിച്ച് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തന്‍ബെര്‍ഗ്. നിലവിലെ സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് ഒട്ടും ശരിയല്ലെന്ന് ഗ്രേറ്റ തന്‍ബെര്‍ഗ് ട്വീറ്റ് ചെയ്തു.
‘ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സമയത്ത് ഇന്ത്യയില്‍ വിദ്യാര്‍ത്ഥികളോട് ദേശീയമായി നടത്തപ്പെടുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ പറയുന്നത് അങ്ങേയറ്റം അന്യായമാണ്. മാത്രമല്ല, രാജ്യത്ത് നിരവധി പേരെ കടുത്ത വെള്ളപ്പൊക്കവും ബാധിച്ചിട്ടുണ്ട്. കൊവിഡിനിടയില്‍ നടത്താന്‍ പറയുന്ന ജെ.ഇ.ഇ നീറ്റ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന അവരുടെ ആവശ്യത്തിനൊപ്പമാണ് ഞാന്‍,’ ഗ്രേറ്റ ട്വിറ്ററില്‍ കുറിച്ചു.
നിലവിലെ സാഹചര്യത്തില്‍ നടത്താനുദ്ദേശിക്കുന്ന നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജെ.ഇ.ഇ നെറ്റ് പരീക്ഷകള്‍ നീട്ടിവെക്കുക എന്ന ആവശ്യവുമായി സാമൂഹ്യമാധ്യമങ്ങളില്‍ ഹാഷ്ടാഗ് ക്യാംപയിനിംഗുകളും നടക്കുന്നുണ്ട്.
It’s deeply unfair that students of India are asked to sit national exams during the Covid-19 pandemic and while millions have also been impacted by the extreme floods. I stand with their call to #PostponeJEE_NEETinCOVID
— Greta Thunberg (@GretaThunberg) August 25, 2020
ആസ്സാം, കേരള, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ ഐ.ഐ.ടി, മെഡിക്കല്‍ പരീക്ഷകള്‍ നടത്തുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇത്തരം മത്സര പരീക്ഷകള്‍ നടത്തുന്നത് സുരക്ഷിതമല്ലെന്ന് വിവിധ രാഷ്ട്രീയ നേതാക്കളും അറിയിച്ചിട്ടുണ്ട്.
ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ തുടങ്ങിയവരും എതിര്‍പ്പ് അറിയിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു.
നേരത്തെ നീറ്റ് പരീക്ഷയെഴുതാന്‍ ഗള്‍ഫില്‍ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. നിലവില്‍ സെപ്തംബര്‍ 13നാണ് നീറ്റ് പരീക്ഷ നടത്താനുള്ള തീയ്യതി നിശ്ചയിച്ചിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി ആഗോള തലത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ സ്‌കൂള്‍ ഉപേക്ഷിച്ച പരിസ്ഥിതി പ്രവര്‍ത്തക എന്ന നിലയില്‍ പ്രശസ്തയായ ഗ്രേറ്റ തന്‍ബെര്‍ഗ് ഒരു വര്‍ഷത്തിന് ശേഷം താന്‍ സ്‌കൂളിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Greta Thunberg backs demands to change the JEE, NEET exams during covid and flood fear