ശ്രീനഗര്‍: കശ്മീരിലെ ബുദ്ഗാമില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഖാലിദ് ജെഹാംഗീറിന്റെ പ്രചരണ രീതിയെ പരിഹസിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബി.ജെ.പി പരമ്പരാഗതമായി ഉപയോഗിക്കാറുള്ള കാവി നിറത്തിന് പകരം പച്ച നിറം ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഒമര്‍ അബ്ദുള്ള രംഗത്തെത്തിയത്.
“കശ്മീരിലെത്തുമ്പോള്‍ ബി.ജെ.പിയുടെ കാവി നിറം പച്ചയാവുന്നു. സ്വയം പരിഹാസ്യരാവുന്ന ആ പാര്‍ട്ടിക്ക് യഥാര്‍ത്ഥത്തില്‍ ജനങ്ങളേയും മണ്ടന്മാരാക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ. താഴ്‌വരയില്‍ തങ്ങളുടെ തനിനിറം പുറത്തുകാട്ടി പ്രചരണത്തിനിറങ്ങാന്‍ അവര്‍ മടിക്കുന്നതെന്തിന്”- ഒമര്‍ ട്വീറ്റ് ചെയ്തു.
The saffron of the BJP turns green when it reaches Kashmir. I’m not sure whether the party truly believes it can fool voters when it makes a fool of itself like this. Why can’t they show their true colours while campaigning in the valley? #Election2019 pic.twitter.com/N9lA2t40Qp
— Omar Abdullah (@OmarAbdullah) April 4, 2019
എന്നാല്‍ താന്‍ വര്‍ണരാജിയുടെ ഏറ്റക്കുറച്ചിലുകളിലൂടെയല്ല രാഷ്ട്രീയത്തെ നോക്കിക്കാണുന്നതെന്നായിരുന്നു ഇക്കാര്യത്തില്‍ ജെഹാംഗീറിന്റെ വിശദീകരണം. “എന്റെ തലപ്പാവ് വെള്ളയാണ്. പാര്‍ട്ടി കാവിയും എന്റെ പരസ്യങ്ങള്‍ പച്ച നിറത്തിലും. ഞാന്‍ ത്രിവര്‍ണത്തെ പ്രതിഫലിക്കുന്നു. പച്ച നിറത്തിനെന്താണ് കുഴപ്പം”- ജെഹാംഗീര്‍ ചോദിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരെ ശ്രീനഗറിലെ ബുദ്ഗാം ലോക്‌സഭാ മണ്ഡലത്തിലാണ് ജെഹാംഗീര്‍ മത്സരിക്കുന്നത്. ബി.ജെ.പിയുടെ പ്രധാന അജണ്ടയായ കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യല്‍ പോലുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിക്കാതെയാണ് ജെഹാംഗീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണം എന്നതും ശ്രദ്ധേയമാണ്.
“ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിദേശ കാര്യനയങ്ങള്‍ പറഞ്ഞു കൊണ്ടോ, ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടിയോ അല്ല. എന്റെ പ്രവര്‍ത്തന മണ്ഡലങ്ങളുടെ പരിതില്‍ വരുന്ന പ്രശ്‌നങ്ങളാണ് ഞാന്‍ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുക. ജനങ്ങളോട് കള്ളം പറയുന്നത് നമ്മള്‍ അവസാനിപ്പിക്കാറായി എന്നാണ് എനിക്ക് തോന്നുന്നത്”- ജഹാംഗിര്‍ പറയുന്നു.
കശ്മീരില്‍ ഐ.പി.എല്‍ പോലുള്ള മത്സരങ്ങള്‍, മള്‍ട്ടപ്ലക്‌സ് തിയ്യേറ്ററുകള്‍, സോളാര്‍ വെെദ്യുതി, തുടങ്ങിയ വാഗ്ദാനങ്ങളാണ് ജെഹാംഗീര്‍ മുന്നോട്ടു വെക്കുന്നത്.