യു.എ.ഇ: ലോകത്തിലേറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ പൗരന്മാര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ഗ്രാമം-യു.എ.ഇ.
എണ്ണമറ്റ മരണങ്ങളുടെയും, നിസഹായരായ ജനങ്ങളുടെ വേദനയുടെയും ഇടയിലിരുന്ന്, ചിതകള്‍ കത്തിയെരിയുമ്പോള്‍ വീണ വായിക്കുന്ന അഭിനവ നീറോമാരായി ഭരണകൂടം മാറരുതെന്നും ഗ്രാമം-യു.എ.ഇ പറഞ്ഞു.
പ്രൈവറ്റ് കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പൊതുവിപണിയില്‍ വാക്സിന്‍ വില്‍ക്കാനുള്ള അനുമതി നല്‍കുകയും അസമത്വം പുലര്‍ത്തുന്ന വിലവിവരം കമ്പനി പുറത്തിറക്കുകയും ചെയ്ത സാഹചര്യം അപലപനീയമാണ്.
‘സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ വഴി വാക്സിന്‍ വിതരണം ചെയ്തും, നിയമ വിരുദ്ധമായി ഒളിച്ചു കടത്തിയും, ഓക്‌സിജന്‍ ടാങ്കറുകള്‍ അര്‍ഹിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കാതെ വഴി തിരിച്ചും, അടിയന്തിര തീരുമാനങ്ങളെടുക്കേണ്ട സമയം അന്യോന്യം പഴിപറഞ്ഞു നഷ്ടപ്പെടുത്തിയും എല്ലാവര്‍ക്കുമൊപ്പമില്ല ഈ സര്‍ക്കാര്‍ എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.
രാജ്യത്തെ ജനങ്ങളെ നരകയാതനകളിലേക്ക് തള്ളി വിട്ടു മതിയാകാതെയാണ് വാക്‌സിന് ഭരണഘടനാ വിരുദ്ധമായ ട്രിപ്പിള്‍ പ്രൈസിങ് നടപ്പാക്കാനുള്ള സാഹചര്യം കോര്‍പറേറ്റ് കമ്പനിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്. ഇത് അങ്ങേയറ്റം രാജ്യദ്രോഹപരവും ജനവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്.
സാര്‍വദേശീയ, സൗജന്യ വാക്സിനേഷന്‍ പൗരന്റെ അടിസ്ഥാന അവകാശമാണ്, സകലര്‍ക്കും അത് ലഭ്യമാക്കേണ്ടത് ഭരിക്കുന്നവരുടെ ചുമതലയും. ഇത്തരമൊരു സാഹചര്യത്തെ മുതലെടുക്കാനുള്ള എല്ലാ ശ്രമങ്ങളും ലജ്ജാവാഹമാണ്.
പല രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി വാക്സിന്‍ നല്‍കാന്‍ തയ്യാറായ ഗള്‍ഫ് രാജ്യങ്ങളെയാണ് ഇക്കാര്യത്തില്‍ ഇന്ത്യ മാതൃകയാക്കേണ്ടത്. യാതൊരു വിവേചനവും കൂടാതെ മുഴുവന്‍ പൗരന്മാര്‍ക്കും അടിയന്തിരമായി വാക്‌സിന്‍ ലഭ്യമാക്കുക എന്ന സുപ്രധാന ഉത്തരവാദിത്വം ഭരണകൂടം നിറവേറ്റാതിരുന്നാല്‍ സമാനതകളില്ലാത്ത ദുരന്തത്തെ ഇന്ത്യ അഭിമുഖീകരിക്കേണ്ടി വരുമെന്ന ആശങ്ക പ്രവാസി ഇന്ത്യക്കാര്‍ക്കുണ്ടെന്നും ഗ്രാമം യു.എ.ഇ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക