ന്യൂദല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ കടാശ്വാസ മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കൊവിഡ് കാലത്ത് തുടങ്ങിയ വായ്പകള്‍ക്ക് കൂട്ടുപലിശ ഈടാക്കില്ല.
ലോണ്‍ കരാറിലെ പലിശ മാത്രമേ ഈടാക്കുകയുള്ളൂ എന്ന് കേന്ദ്രം വ്യക്തമാക്കി. മൊറട്ടോറിയം ഇളവ് ലഭിച്ചവര്‍ക്കും പുതിയ ഇളവുകള്‍ ബാധകമായിരിക്കും.
മാര്‍ച്ച് ഒന്നുമുതല്‍ ആഗസ്ത് 31 വരെയാണ് കൂട്ടുപലിശ ഒഴിവാക്കിയത്. മുടങ്ങിയ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ക്കും ഇളവുകള്‍ ബാധകമാണ്.
കഴിഞ്ഞ ബുധനാഴ്ച സാമ്പത്തിക കാര്യങ്ങളില്‍ ക്യാബിനറ്റ് കമ്മിറ്റിയുടെ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
എം.എസ്.എം.ഇ ലോണുകള്‍ക്കും, വിദ്യാഭ്യാസ വായ്പകള്‍ക്കും വ്യക്തിഗത വായ്പകള്‍ക്കും ഓട്ടോമൊബൈല്‍ വായ്പകള്‍ക്കും ഇളവുകള്‍ ബാധകമാണ്.
രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് മാത്രമാണ് ഇളവുകള്‍ ബാധകം. സര്‍ക്കാരിന് ഈ പദ്ധതിക്ക് 5,500 കോടി മുതല്‍ 6000 കോടി രൂപവരെ ചെലവ് വരും. എല്ലാ ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്.
നേരത്തെ മൊറട്ടോറിയം കാലയളവില്‍ ഏര്‍പ്പെടുത്തിയ ലോണിന്റെ കൂട്ടു പലിശയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ ധനകാര്യ വിഷയങ്ങളില്‍ കോടതി ഇടപെടരുത് എന്നാണ് കേന്ദ്രം ഇതിന് മറുപടി നല്‍കിയിരുന്നത്. മൊറട്ടോറിയം കാലയളവില്‍ വായ്പകള്‍ക്ക് കൂട്ടുപലിശ ഈടാക്കുന്ന നടപടിയില്‍ കേന്ദ്രത്തിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു.