പൊതുവിതരണ സമ്പ്രദായം വഴി വിതരണം ചെയ്യുന്ന 57 ശതമാനം ഭക്ഷ്യ വസ്തുക്കളും അനര്‍ഹര്‍ കൈക്കലാക്കുന്നതായി റിപ്പോര്‍ട്ട്
Kerala
പൊതുവിതരണ സമ്പ്രദായം വഴി വിതരണം ചെയ്യുന്ന 57 ശതമാനം ഭക്ഷ്യ വസ്തുക്കളും അനര്‍ഹര്‍ കൈക്കലാക്കുന്നതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th February 2014, 2:59 pm

[share]

[]ന്യൂദല്‍ഹി: സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ വിതരണം നടത്തുന്ന 57 ശതമാനം ഭക്ഷ്യ വസ്തുക്കളും യഥാര്‍ത്ഥ ഗുണഭോക്താക്കളിലെത്തുന്നില്ലെന്ന് കണ്ടെത്തല്‍. ഒരു രൂപയ്ക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ വിതരണം നടത്തുന്നതിന് സര്‍ക്കാര്‍ ചെലവഴിക്കേണ്ടി വരുന്നതാകട്ടെ മൂന്ന് രൂപയിലധികവും.

പൊതുവിതരണ സമ്പ്രദായത്തിലെ ക്രമക്കേടുകളെ സംബന്ധിച്ച് പഠനം നടത്തുന്ന സ്വതന്ത്ര ഏജന്‍സിയുടെ റിപ്പോര്‍ട്ടിലെ വിവരങ്ങളാണിത്.

പൊതുവിതരണ സമ്പ്രദായം വഴി വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളില്‍ 36 ശതമാനവും വക മാറ്റിയാണ് വില്‍പ്പന നടത്തുന്നത്. ഇത് യു.പി.എ സര്‍ക്കാറിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതികള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

പൊതുവിതരണ സമ്പ്രദായത്തില്‍ തമിഴ്‌നാട്ടില്‍ താരതമ്യേന ക്രമക്കേടുകള്‍ കുറവാണെന്നാണ് ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്.

പൊതുജന സേവനങ്ങള്‍ കാര്യക്ഷമമാക്കിയാല്‍ ഇന്ത്യ ഒരു വന്‍ സാമ്പത്തിക ശക്തിയായിത്തീരുമെന്ന് സമിതിയുടെ പ്രഥമ ഡയറക്റ്റര്‍ ജനറല്‍ അജയ് ചിബ്ബര്‍ പറഞ്ഞു.

പൊതുവിതരണ രംഗത്തെ സംബന്ധിച്ചുള്ള സമിതിയുടെ പഠന റിപ്പോര്‍ട്ട് നാലു മാസത്തിനകം സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും അജയ് ചിബ്ബര്‍ പറഞ്ഞു.

ഭക്ഷ്യ ധാന്യങ്ങള്‍ വാങ്ങുന്നത് മുതല്‍ ഉപഭോക്താക്കളിലെത്തിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ സമിതി നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്.

തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ഗ്രാമീണ ആരോഗ്യ രംഗത്തെക്കുറിച്ചും ഇന്‍ഷൂറന്‍സ് പദ്ധതി സംബന്ധിച്ചും പഠനം നടത്താനുള്ള ഒരുക്കത്തിലാണിപ്പോള്‍ ഈ ഏജന്‍സി.