ആറ് വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം: ആയിരങ്ങള്‍ സമരത്തില്‍
India
ആറ് വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം: ആയിരങ്ങള്‍ സമരത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd October 2013, 11:10 pm

[]ന്യൂദല്‍ഹി: രാജ്യത്തെ ആറ് പ്രമുഖ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ എയര്‍പോര്‍ട്ട് അതോറിറ്റിറി ഓഫ് ഇന്ത്യയുടെ തൊഴിലാളികളായ ആയിരങ്ങള്‍ സമരത്തിലേക്ക്.

കേന്ദ്ര വ്യേമയാന മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ രാജ്യമെമ്പാടുമായി നടത്തുന്ന റിലെ നിരാഹാര സമരത്തിന് ചൊവ്വാഴ്ച തുടക്കമായി. എ.എ.ഐയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവധ യൂണിയനുകള്‍ സംയുക്തമായാണ് സമരം നടത്തുന്നത്.

ന്യൂദല്‍ഹിയിലെ രാജീവ് ഗാന്ധി ഭവനിലെ വ്യേമയാന മന്ത്രാലയത്തിന്റെ ഓഫീസിന് മുന്നില്‍ ചൊവ്വാഴ്ചയാണ് സമരത്തിന് തുടക്കമായത്.

ചെന്നൈ, കൊല്‍ക്കത്ത, ഗുവഹാത്തി, ജയ്പ്പൂര്‍, അഹമ്മദാബാദ്, ലക്‌നൗ എന്നീ വിമാനത്താവളങ്ങള്‍ സ്വകാര്യ വത്കരിക്കാനാണ് വ്യേമയാന മന്ത്രാലയം തീരുമാനിച്ചത്.

ആറു വിമാനത്താവളങ്ങളും സ്വാകാര്യ വത്കരിക്കാനുള്ള മന്ത്രാലയത്തിന്റെ നീക്കത്തെ എതിര്‍ത്തു തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന എയര്‍പോര്‍ട്ട് അതോറിറ്ററി എംപ്ലോയീസ് യൂണിയന്റെ ജനറല്‍ സെക്രട്ടറി ബി.എസ് അഹല്‍വാദ് പറഞ്ഞു.

കോടികള്‍ വിമാനത്താവളങ്ങള്‍ക്കായി മുടക്കിയതിന് ശേഷമാണ് സ്വകാര്യവത്ക്കരണ നടപടികളുമായി മന്ത്രാലയം മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

പബ്ലിക്- പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് സമ്പ്രദായ പ്രകാരം വിമാനത്താവളങ്ങളില്‍ 100 ശതമാനം ഷെയര്‍ സ്വാകാര്യ സംരഭകര്‍ക്ക് സ്വന്തമാക്കാമെന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

സ്വകാര്യവത്കരണത്തിലൂടെ ആറ് വിമാനത്താവളങ്ങളിലെയും തൊഴിലാളികളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന്  അഹല്‍വാദ് പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കുന്നില്ലെങ്കില്‍ എ.എ.ഐ ഓഫിഷ്യലുകളെ ഗൊരാവോ ചെയ്യുന്നതടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മുടക്കിയാണ് ആറ് വിമാനത്താവളങ്ങളും എ.എ.ഐ ആധുനികവര്‍ക്കരിച്ചത്. കൊല്‍ക്കത്ത, ചെന്നൈ വിമാനത്താവളങ്ങളുടെ ആധുനികവത്കരണത്തിനായി യഥാക്രമം 2,325 ഉം 2015ഉം കോടിയാണ് എ.എ.ഐ ചിലവഴിച്ചത്.

വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള ഗവണ്‍മെന്റ് നീക്കത്തിനെതിരെ ഇതിനകം വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്.