national news
'ഗവണ്‍മെന്റ് മര്‍ഡേര്‍സ് ആര്‍.ടി.ഐ';വിവരാവകാശ ഭേദഗതി ബില്ലിനെതിരെ രാഹുല്‍ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 27, 04:55 pm
Saturday, 27th July 2019, 10:25 pm

ന്യൂദല്‍ഹി: രാജ്യത്തെ അഴിമതിക്കാരെ സഹായിക്കാന്‍ മോദി സര്‍ക്കാര്‍ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ത്തെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ‘ഗവണ്‍മെന്റ് മര്‍ഡേര്‍സ് ആര്‍.ടി.ഐ’ എന്ന ഹാഷ്ടാഗോടെയാണു രാഹുല്‍ ഇതിനെതിരെ രംഗത്തെത്തിയത്.

പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള കടുത്ത പ്രതിഷേധം മറികടന്നാണു വിവരാവകാശ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയത്.

‘അഴിമതിക്കാര്‍ക്ക് ഇന്ത്യയില്‍ മോഷണം നടത്തുന്നതിനു സഹായിക്കുന്നതാണു കേന്ദ്രസര്‍ക്കാര്‍ നീക്കം. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെപ്പോലും ഈ സമയത്തു കാണാനില്ലെന്നത് അസാധാരണമാണ്’, രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്ര വിവരാവകാശ കമ്മീഷന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നു യു.പി.എ ചെയര്‍പേര്‍സണ്‍ സോണിയാ ഗാന്ധിയും നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. വലിയ ചര്‍ച്ചകള്‍ക്കുശേഷം പാര്‍ലമെന്റില്‍ പാസാക്കിയ നിയമമാണു നാശത്തിന്റെ വക്കില്‍നില്‍ക്കുന്നതെന്നും സോണിയാ ഗാന്ധി പറഞ്ഞിരുന്നു.

2005 ജൂണ്‍ അഞ്ചിനാണ് ആര്‍.ടി.ഐ ആക്ട് പാര്‍ലമെന്റ് പാസാക്കുന്നത്. 2005 ഒക്ടോബര്‍ 13 മുതല്‍ നിയമം പ്രാബല്യത്തിലുണ്ട്.
കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരുടെ സേവന കാലാവധിയും ശമ്പളവും നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണു പുതിയ ഭേദഗതി. ലോക്‌സഭ പാസാക്കിയ ബില്‍ ശബ്ദവോട്ടൊടെയാണു രാജ്യസഭയില്‍ പാസാക്കിയത്. സിലക്ട് കമ്മറ്റിക്ക് വിടണമെന്ന പ്രമേയം തള്ളുകയും ചെയ്തു.