national news
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ യാചകര്‍ക്ക് പണം നല്‍കുന്നത് നിരോധിച്ച് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 17, 10:35 am
Tuesday, 17th December 2024, 4:05 pm

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ യാചകര്‍ക്ക് പണം നല്‍കുന്നത് നിരോധിച്ച് സര്‍ക്കാര്‍. ജനുവരി ഒന്ന് മുതല്‍ യാചകര്‍ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്നാണ് ഇന്‍ഡോര്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഇന്‍ഡോറില്‍ ഭിക്ഷാടനം നിരോധിക്കുന്നതായി ജില്ലാ കളക്ടര്‍ ആശിഷ് സിങ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കരുതെന്നും ഭിക്ഷ നല്‍കരുതെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചത്.

അതേസമയം ഭിക്ഷ നല്‍കുന്നത് തെറ്റാണെന്ന് പറഞ്ഞ ജില്ലാ കളക്ടര്‍ ആരെങ്കിലും ഭിക്ഷ നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും മുതിര്‍ന്നവര്‍ക്കും ഭിക്ഷ നല്‍കുന്നത് നിരോധിച്ചുകൊണ്ട് ബി.എന്‍.എസിന്റെ 163-ാം വകുപ്പ് പ്രകാരമുള്ള ഉത്തരവ് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭിക്ഷാടന മാഫിയ ശക്തമാവുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം കര്‍ശനമായ നടപടിയുമായി രംഗത്തെത്തുന്നത്. ഇതിനോടകം തന്നെ ഭിക്ഷാടനം നടത്തുന്ന ഒട്ടനവധി പേരെ പുനരധിവസിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്തെ ഭിക്ഷാടനം അവസാനിപ്പിക്കാന്‍ കേന്ദ്രസാമൂഹ്യ നീതി മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പരിഷ്‌ക്കരണമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ പത്ത് നഗരങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഡിസംബര്‍ അവസാനം വരെ ഭിക്ഷാടനത്തിനെതിരായ ബോധവത്ക്കരണം നടക്കുന്നുണ്ട്. ഭിക്ഷ നല്‍കുന്നതിന്റെ ദോഷഫലങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ബോധവത്ക്കരണ ക്യാമ്പയിന്‍ നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ജൂലൈയിലാണ് ബി.എന്‍.എസിന്റെ സെക്ഷന്‍ 163 പ്രകാരം, പ്രായപൂര്‍ത്തിയാകാത്തവര്‍ മറ്റുള്ളവരില്‍ നിന്ന് ഭിക്ഷാടനവും സാധനങ്ങള്‍ വാങ്ങുന്നതും നിരോധിച്ചുകൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചത്.

പിന്നാലെ 35ലധികം കുട്ടികലെ ഡബ്ല്യൂ.സി.സി ചീമുകള്‍ രക്ഷപ്പെടുത്തുകയും സര്‍ക്കാര്‍ അംഗീകൃത അഭയകേന്ദ്രങ്ങലില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ദല്‍ഹി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ലഖ്‌നൗ, മുംബെ, നാഗ്പൂര്‍, പട്‌ന, അഹമ്മദാബാദ് എന്നിവയാണ് മറ്റ് നഗരങ്ങള്‍.

Content Highlight: Govt Bans Paying Beggars In Indore, Madhya Pradesh