national news
ദല്‍ഹിയില്‍ 11 ക്ഷേത്രങ്ങള്‍ പൊളിച്ച് കളയാന്‍ ഗവര്‍ണറുടെ ഉത്തരവ്;ജനങ്ങളുടെ മതവികാരത്തെ ബാധിക്കുമെന്ന് അതിഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 22, 06:29 pm
Thursday, 22nd June 2023, 11:59 pm

ന്യൂദല്‍ഹി: 11 ക്ഷേത്രങ്ങളടക്കം 14 മതപരമായ സ്ഥലങ്ങള്‍ പൊളിച്ചു കളയാനുള്ള ദല്‍ഹി ലഫ്‌നന്റ് ഗവര്‍ണര്‍ വി.കെ. സെക്‌സേനയുടെ ഉത്തരവിനെതിരെ കത്തയച്ച് പി.ഡബ്ല്യു.ഡി വകുപ്പ് മന്ത്രി അതിഷി. ജനങ്ങളുടെ വിശ്വാസം ക്ഷേത്രവും മറ്റ് മതപരമായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നുവെന്നും അതുകൊണ്ട് ഈ തീരുമാനം പിന്‍വലിക്കണമെന്നും അതിഷി കത്തിലൂടെ പറയുന്നു. ആം ആദ്മിയുടെ ഔദ്യോഗിക ട്വീറ്റിലൂടെയാണ് കത്തിന്റെ വിവരങ്ങള്‍ അറിയിച്ചിരിക്കുന്നത്.

‘ദല്‍ഹിയിലെ 14 മതപരമായ സ്ഥലങ്ങള്‍ പൊളിച്ചുകളയാന്‍ നിങ്ങള്‍ ഉത്തരവിറക്കിയതായി പൊതുമരാമത്ത് വകുപ്പില്‍ നിന്നെനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ 11 ക്ഷേത്രങ്ങളും 3 ശവകുടീരങ്ങളും ഉള്‍പ്പെടുന്നു.

2023 ഫെബ്രുവരിയില്‍ മതപരമായ കമ്മിറ്റി മുഖേന അന്നത്തെ ആഭ്യന്തര മന്ത്രിയായ മനീഷ് സിസോദിയയുടെ മുമ്പാകെ ഈ ആരാധനാലയങ്ങള്‍ പൊളിക്കുന്നതിനുള്ള നിര്‍ദേശം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിക്കുകയും ക്ഷേത്രങ്ങള്‍ പൊളിക്കുന്നതിന് പകരം മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ നിര്‍ദേശിക്കുകയും ചെയ്തതായി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നെ അറിയിച്ചു,’ അതിഷിയുടെ കത്തില്‍ പറഞ്ഞു.

സിസോദിയയുടെ ഓഫീസില്‍ നിന്ന് ഗവര്‍ണറുടെ ഓഫീസിലേക്ക് ഒരു ഫയലയച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം പ്രൊപ്പോസല്‍ നിരസിക്കുകയും ക്ഷേത്രങ്ങള്‍ പൊളിക്കാന്‍ ഉത്തരവിറക്കുകയുമായിരുന്നെന്നും കത്തില്‍ പറയുന്നു.

‘ക്ഷേത്രങ്ങള്‍ പൊളിക്കുന്നത് നിയമപരമായ പ്രശ്‌നമാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് അധികാരമുണ്ടെന്നും ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ക്ഷേത്രം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഫയലുകള്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് അയക്കരുതെന്നും ചീഫ് സെക്രട്ടറി മുഖേന നേരിട്ട് നിങ്ങള്‍ക്ക് അയക്കണമെന്നുമുള്ള നിര്‍ദേശം കേട്ടു.

ഇന്ന് രാവിലെ മണ്ഡാവലിയിലെ ശിവക്ഷേത്രം പോലും തകര്‍ത്തു. ക്ഷേത്രങ്ങളും മറ്റ് മതപരമായ സ്ഥലങ്ങളും വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ പൊളിക്കാന്‍ എടുത്ത തീരുമാനം പുനരാലോചിക്കണം. ദല്‍ഹിയിലെ ജനങ്ങളുടെ മതവികാരത്തെ വേദനിപ്പിക്കരുത്,’ കത്തില്‍ പറഞ്ഞു.

അതേസമയം ഇന്ന് രാവിലെ മണ്ഡാവലിയിലെ ക്ഷേത്രത്തിന്റെ ഗ്രില്ലുകള്‍ തകര്‍ത്തിരുന്നു. പിന്നാലെ ആം ആദ്മിയും ബി.ജെ.പിയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ക്ഷേത്രങ്ങള്‍ ആക്രമിക്കുന്ന തെരഞ്ഞെടുപ്പ് ഹിന്ദു പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് എ.എ.പി പറഞ്ഞു.

content highlights: Governor’s order to demolish 11 temples in Delhi will affect the religious sentiments of the people, says Atishi