തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ കത്തയച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് സൂചന.
കത്തുമായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ സമരവേദിയിലെത്തി. സമര നേതാവ് റിജുവിന്റെ പേരിലാണ് കത്ത്. അതേസമയം റിജു സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥന്‍ മടങ്ങി.
റിജുവിന് പകരം സമരത്തിന് നേതൃത്വം നല്‍കുന്ന ലയ രാജേഷിന്റെ പേരില്‍ കത്ത് തിരുത്തി നല്‍കും. ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്കുള്ള ക്ഷണമെന്നാണ് സൂചനയെന്ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധിയായ ലയ പ്രതികരിച്ചു.
പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്ന് ഇന്നലെ സി.പി.ഐ.എം സെക്രട്ടറിയേറ്റ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യോഗാര്‍ത്ഥികളെ ബോധ്യപ്പെടുത്തണമെന്നും സി.പി.ഐ.എം വ്യക്തമാക്കി.
പ്രതിപക്ഷം സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തടയണമെന്നും സി.പി.ഐ.എം നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു തീരുമാനം.
സി.പി.ഐ.എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സി.പി.ഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പറഞ്ഞു. തീരുമാനം വൈകിയെങ്കിലും ഈ തീരുമാനം പ്രതീക്ഷയാണ്. സി.പി.ഐ.എമ്മിന്റെ ശ്രദ്ധയിലേക്ക് ഇത് കൊണ്ട് വരാന്‍ സമരത്തിലൂടെ സാധിച്ചു. 13 ദിവസത്തെ അധ്വാനമാണ് ഈ ഫലത്തിലേക്ക് എത്തിച്ചതെന്നും റാങ്ക് ജേതാക്കള്‍ പറഞ്ഞു.
ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് രാഷ്ട്രീയം കളിക്കുകയാണെന്നും അക്രമ സമരം നടത്തുകയാണെന്നും സി.പി.ഐ.എം ആരോപിച്ചിരുന്നു.
ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമാണെന്നും വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നുമാണ് യോഗത്തിന് ശേഷം മന്ത്രി ഇ. പി ജയരാജന്‍ പറഞ്ഞത്.
അതേസമയം ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തേണ്ടതില്ലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത്.
സമരത്തില്‍ സര്‍ക്കാര്‍ ഇടപെടാന്‍ വിമുഖത കാണിക്കുന്നതില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ മീന്‍ വില്‍പ്പന നടത്തി പ്രതിഷേധിച്ചിരുന്നു.
തങ്ങളുടെ ആവശ്യങ്ങളില്‍ തീരുമാനമാകും വരെ സമരം തുടരനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. സമരം 26ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക