Education
ഗൗരി നേഘയുടെ മരണം; കുറ്റാരോപിതരായ അധ്യാപികമാര്‍ക്ക് പൂച്ചെണ്ടും സസ്‌പെന്‍ഷന്‍ കാലയളവില്‍ ആനുകൂല്യവും
ജിതിന്‍ ടി പി
2018 Feb 09, 06:30 am
Friday, 9th February 2018, 12:00 pm

2017 ഒക്ടോബര്‍ 23 നാണ് ഗൗരി നേഘയെന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നത്. കൊല്ലം ട്രിനിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഗൗരി നേഘ. അധ്യാപകരുടെ മാനസിക പീഡനത്തെത്തുടര്‍ന്നാണ് ഗൗരി ആത്മഹത്യ ചെയ്തതെന്ന് അന്നുതന്നെ വാര്‍ത്തയായിരുന്നു.

ഗുരുതര പരിക്കേറ്റ ഗൗരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിതാക്കളെ വിവരമറിയിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്നും അന്നേ ആക്ഷേപമുയര്‍ന്നിരുന്നു. ഇടുപ്പെല്ലിനും മറ്റു ശരീരഭാഗങ്ങളിലും പൊട്ടലിനു പുറമെ ഗൗരിയുടെ തലയില്‍ രക്തസ്രാവവും ഉണ്ടായിരുന്നു. ആന്തരാവയവങ്ങള്‍ക്കും ക്ഷതമേറ്റിരുന്നു. രാമന്‍കുളങ്ങര വരമ്പേല്‍ക്കട ആലാട്ടുകാവ് നഗറില്‍ പ്രസന്നന്‍-ഷാലി ദമ്പതികളുടെ മകളാണ് ഗൗരി.

അനിയത്തി മീരയെ സഹപാഠികള്‍ കളിയാക്കുന്നതു ചോദിക്കാന്‍ ഗൗരി അനിയത്തിയുടെ ക്ലാസില്‍ പോയിരുന്നു. ആ ക്ലാസിലെ കുട്ടികള്‍ തിരിച്ചു ഗൗരിയുടെ ക്ലാസിലെത്തി ബഹളം വയ്ക്കുകയും ചെയ്തു. വിവരമറിഞ്ഞ അധ്യാപികമാര്‍ വിളിച്ചുവരുത്തി ശാസിച്ചതു ഗൗരിയെ മനോവിഷമത്തിലാക്കി എന്നാണു ബന്ധുക്കളുടെ ആരോപണം.

ഗൗരി നേഘ

 

പിതാവിന്റെ പരാതിയില്‍ അധ്യാപികമാര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഗൗരിയുടെ ക്ലാസ് ടീച്ചര്‍ ക്രെസന്‍സ് നെവിസ്, എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരി മീര കല്യാണിയുടെ ക്ലാസ് ടീച്ചര്‍ സിന്ധു പോള്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

എന്നാല്‍ അധ്യാപകരെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റിന്റേത്. പ്രതിഷേധത്തെത്തുടര്‍ന്ന് സകൂള്‍ മാനേജ്‌മെന്റ് അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും സസ്‌പെന്‍ഷന്‍ കാലയളവ് ലീവായി പരിഗണിച്ച് ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ മുടങ്ങാതിരിക്കാനായിരുന്നു മാനേജ്‌മെന്റ് നീക്കം. മാനേജ്‌മെന്റ് നടപടിക്കെതിരെ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിരുന്നു.

സസ്‌പെന്‍ഷന്‍ കാലാവധി അവധിയായി പരിഗണിച്ച് ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങള്‍ അധ്യാപികമാര്‍ക്ക് നല്‍കാനാണ് തീരുമാനമെന്നാണ് മാനേജ്‌മെന്റ് വിദ്യാഭ്യാസ വകുപ്പിന് നല്‍കിയ മറുപടിയില്‍ പറഞ്ഞതെന്ന് കൊല്ലം ഡി.ഡി.ഇ ശ്രീകല ഡൂള്‍ന്യൂസിനോട് പറഞ്ഞു.” നിലവില്‍ മറ്റൊരു അന്വേഷണം നടക്കുന്നുണ്ടെങ്കിലും അവര്‍ ആന്തരികമായി നടത്തിയ അന്വേഷണത്തില്‍ ഒരാളെ ഒന്നില്‍ക്കൂടുതല്‍ തവണ ശിക്ഷിക്കരുതെന്ന കാര്യം കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷന്‍ കാലാവധി വേതനത്തോടുകൂടിയുള്ള അവധി എന്ന രീതിയിലാണ് പരിഗണിക്കുന്നതെന്നുമായിരുന്നു അവരുടെ വിശദീകരണം.”

 

തുടക്കം മുതലെ അധ്യാപികമാര്‍ക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് സ്‌കൂള്‍ മാനേജ്‌മെന്റ് സ്വീകരിച്ചിരുന്നത്. “ഇടവേളകളില്‍ ഗൗരി പതിവായി സഹോദരിയുടെ ക്ലാസില്‍ പോകുന്നതു നേരത്തെ വിലക്കിയിരുന്നു. ഇതിനായി കുട്ടിയുടെ മാതാവിനെ വിളിച്ചു വരുത്തിയിരുന്നു. സംഭവ ദിവസം വീണ്ടും അവിടെ പോയതിനെ തുടര്‍ന്നുണ്ടായ പ്രശ്നം ശ്രദ്ധയില്‍പ്പെട്ട അധ്യാപിക ക്ലാസ് ടീച്ചറെയും കൂട്ടി പ്രിന്‍സിപ്പലിന്റെ മുറിയിലേക്കു വരാന്‍ ഗൗരിയോടു പറയുക മാത്രമാണുണ്ടായത്. സ്‌കൂളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം തെളിയും”- ട്രിനിറ്റി കോളേജിലെ പ്രിന്‍സിപ്പാള്‍ ഷെവലിയര്‍ എസ്.ജോണിന്റെ വാക്കുകളാണ് ഇത്.

അധ്യാപികമാര്‍ക്ക് നേരത്തെ കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോഴും സമാനരീതിയിലായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പ്രതികരണം. കേക്ക് മുറിച്ചും പൂച്ചെണ്ട് നല്‍കിയുമായിരുന്നു ആഘോഷം. പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം. കേസില്‍ പ്രതികളായവരെ പൂച്ചെണ്ട് നല്‍കിയും കേക്ക് മുറിച്ചും സ്വീകരിച്ച നടപടി സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ വിശദീകരണമാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മാനേജ്‌മെന്റിന് ബന്ധപ്പെട്ടപ്പോള്‍ അത് സഹപ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണമായിരുന്നെന്നും പ്രിന്‍സിപ്പാള്‍ അവിടെയെത്തിയപ്പോള്‍ മറ്റുള്ളവര്‍ നടത്തിയ ആഘോഷത്തില്‍ പങ്കുചേരുകയുമായിരുന്നുവെന്നുമാണ് മറുപടി ലഭിച്ചതെന്ന് ശ്രീകല പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ചാനലുകളില്‍ വാര്‍ത്ത വന്നപ്പോള്‍ അധ്യാപികമാര്‍ക്ക് മാനസികമായി ഊര്‍ജ്ജം നല്‍കാനാണെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ വാദം.

കൊല്ലം ട്രിനിറ്റി സ്‌കൂള്‍

 

അതേസമയം അധ്യാപകരുടെ മാനസിക പീഡനത്തെത്തുടര്‍ന്നാണ് ഗൗരി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. അധ്യാപികമാര്‍ കുട്ടിയോട് ക്രൂരമായി പെരുമാറിയെന്നും പൊലീസ് പറയുന്നു.

“ആത്മഹത്യയ്ക്ക് മുമ്പ് ഗൗരി നേഘ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. അതിന് കാരണം ഗൗരിയുമായി തൊട്ടുമുമ്പ് സംസാരിച്ച അധ്യാപികമാരായ സിന്ധു പോള്‍ , ക്രസന്റ് എന്നിവരാണ്. സംഭവ ദിവസം ഉച്ചഭക്ഷണം കഴിക്കാനിരിക്കുമ്പോഴായിരുന്നു ഗൗരിയെ അധ്യാപികരമാരിലൊരാള്‍ പത്താം ക്ലാസില്‍ നിന്ന് എട്ടാംക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. അവിടെവച്ച് രണ്ട് അധ്യാപികമാരും ചേര്‍ന്ന് ഗൗരിയെ ഭീഷണിപ്പെടുത്തി. അതിനുശേഷം തിരികെ ക്ലാസിലേക്ക് വന്ന് പത്തുമിനിറ്റിനകം ആത്മഹത്യ ചെയ്തു.”- പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞ വാക്കുകളാണിത്.

ഇക്കാര്യങ്ങളെ സാധൂകരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും കൈവശമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ക്ലാസ് ടീച്ചറിന്റെ വീട്ടില്‍ ട്യൂഷന് വിടാത്തതിന്റെ പ്രതികാരമായാണു തന്റെ മകളെ ആണ്‍കുട്ടികള്‍ക്കിടയില്‍ ഇരുത്തി ശിക്ഷിച്ചതെന്നും ആശുപത്രിയിലെത്തിച്ചപ്പോള്‍ താന്‍ ചാടിയതല്ലെന്നു മകള്‍ പറഞ്ഞിരുന്നതായും ഗൗരി നേഘയുടെ പിതാവ് പ്രസന്നന്‍ പറഞ്ഞിരുന്നു.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.