ഒരു വിഭാഗത്തെ അടക്കി ഭരിച്ച മേധാവിത്വ ശക്തികളുടെ അടയാളങ്ങളും കീഴ്‌വഴക്കങ്ങളും പൊളിച്ചു വാര്‍ക്കേണ്ട സമയം തന്നെയാണിത്. എന്നാല്‍ ഉടച്ചുവാര്‍ത്ത് വീണ്ടും അവരോധിക്കുന്നത് സ്വദേശി ഫ്യൂഡലിസത്തിന്റെയും സവര്‍ണ്ണ ബോധത്തിന്റെയും അടയാളങ്ങളെയാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
കറുത്ത തൊപ്പിയും ഗൗണും ധരിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ബിരുദം നേടുന്ന കാഴ്ച നമ്മളില്‍ പലര്‍ക്കും സുപരിചിതമാണ്. എന്നാല്‍ ആ കാഴ്ച ഈ ഒക്ടോബര്‍ അഞ്ചോടെ മാറി മറിയുകയാണ്. ബിരുദം സ്വീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ‘കേരളീയ വേഷം’ ധരിച്ചെത്തിയാല്‍ മതിയെന്ന കേരള ആരോഗ്യ സര്‍വകലാശാലയുടെ നിര്‍ദേശമാണ് ഈ മാറ്റത്തിന് പിന്നില്‍.
കേരളീയ വേഷം എന്ന് പറഞ്ഞാല്‍ എന്താണെന്ന് മനസ്സിലായോ? ഇല്ലെങ്കില്‍ വ്യക്തമാക്കാം. പെണ്‍കുട്ടികള്‍ കേരള സാരി അണിയണം. ആണ്‍കുട്ടികളുടെ വസ്ത്രം കേരളീയ വേഷമായ മുണ്ടും ജുബ്ബയും. തീര്‍ന്നില്ല. 2.8 മീറ്റര്‍ നീളമുള്ള, കസവ് കരയുള്ള ഒരു വേഷ്ടി കൂടിയുണ്ട് കേട്ടോ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഉത്തരീയം.
ബാക്കി വസ്ത്രങ്ങള്‍, അതായത് ചടങ്ങില്‍ ധരിക്കേണ്ട കേരള സാരിയും, മുണ്ടും ജുബ്ബയും ഒക്കെ വിദ്യാര്‍ത്ഥികള്‍ തന്നെ വാങ്ങണം. ഉത്തരീയം സര്‍വകലാശാല തന്നെ നല്‍കും. അതും വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം. എത്ര മനോഹരമായ, ‘കേരള തനിമ’യുള്ള ആചാരങ്ങള്‍ അല്ലേ!
അല്ല, എന്താണ് ഈ കേരള തനിമ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. സാരി തന്നെ മലയാളി ധരിക്കാന്‍ തുടങ്ങിയിട്ട് 50-60 വര്‍ഷങ്ങള്‍ ആയിട്ടെയുള്ളൂ. പിന്നെ എവിടുന്നാണ് കസവ് വേഷ്ടിയും ഉത്തരീയവും മലയാളിയുടെ സംസ്‌കാരത്തിന്റെ ഭാഗമായി ഉടച്ചുവാര്‍ക്കപ്പെട്ടത്.
ഈ വാര്‍ത്ത കണ്ടപ്പോള്‍ എനിക്കോര്‍മ വന്നത്, 2018ല്‍ കേരളത്തിന്റെ അഭിമാന സര്‍വകലാശാലയായ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ നടന്ന ഒരു ബിരുദദാന ചടങ്ങാണ്. സര്‍വകലാശാലയിലെ മൂന്നാമത്തെ ബിരുദദാന ചടങ്ങില്‍ ബിരുദം സ്വീകരിക്കാനെത്തിയതായിരുന്നു ഞാന്‍. ഭാഷാപിതാവിന്റെ പേരില്‍ തുടങ്ങിവെച്ച ഭാഷാ സര്‍വകലാശാലയിലെ എല്ലാവിധ ഔദ്യോഗിക ചടങ്ങുകളും മലയാളത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന തരത്തിലാണെന്നാണ് അവകാശവാദം. ബിരുദദാന ചടങ്ങുകളില്‍ വിദ്യാര്‍ത്ഥികള്‍ വേദിയിലെത്തിയത് ”ഉത്തരീയ”മെന്ന വസ്ത്രം കഴുത്തിലണിഞ്ഞു കൊണ്ടായിരുന്നു.
2016ല്‍ മലയാളം സര്‍വകലാശാലയില്‍ നടന്ന ബിരുദദാനച്ചടങ്ങ്
മലയാളത്തിന്റെ പാരമ്പര്യവും, കേരളീയ സ്വത്വത്തിന്റെ പ്രതിനിധാനവുമാണ് ഉത്തരീയമെന്നും ആയതിനാല്‍ ഭാഷാ സര്‍വകലാശാലയില്‍ കേരളത്തിന്റെ പാരമ്പര്യ വസ്ത്രധാരണത്തില്‍ തന്നെ പ്രതിനിധാനം ചെയ്യപ്പെടണമെന്നുമാണ് ഇക്കാര്യത്തെ പറ്റി അന്വേഷിച്ചപ്പോള്‍ പലരില്‍ നിന്നും എനിക്ക് ലഭിച്ച മറുപടി.
അന്ന് സര്‍വകലാശാലയുടെ മൂന്നാമത്തെ ബിരുദദാന ചടങ്ങില്‍ ബിരുദം കൈപ്പറ്റാനെത്തിയ വിദ്യാര്‍ഥി കൂടിയായ എന്റെ ഉള്ളില്‍ കടന്നുകൂടിയ ചോദ്യമാണ് എന്താണ് ഉത്തരീയം എന്നത്. കേരളത്തില്‍ ആരാണ് ഉത്തരീയം ധരിച്ചിരുന്ന വിഭാഗം? ഒടുവില്‍ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ എത്തിനിന്നത് കേരളത്തിലെ സവര്‍ണ തറവാട്ടുമുറ്റങ്ങളിലാണ്. ബ്രാഹ്മണ്യവും, നായര്‍ ഫ്യൂഡലിസവും പുലര്‍ന്നിരുന്ന ഒരു കാലം കേരളീയ ചരിത്രത്താളുകളില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നുണ്ട്.
അടിയാളരെ ചൂഷണം ചെയ്തിരുന്ന ആ സാമൂഹ്യ വ്യവസ്ഥിതിയില്‍ മേലാളവര്‍ഗത്തിന്റെ ഉടയാട സങ്കല്പ്പമായിരുന്നു കസവ് തുന്നിച്ചേര്‍ത്ത ഉത്തരീയം എന്നറിയപ്പെടുന്ന മേല്‍മുണ്ടുകള്‍. സവര്‍ണ സമൂഹം മാത്രം ഉപയോഗിച്ചിരുന്ന ഈ വസ്ത്ര സങ്കല്‍പം എങ്ങനെയാണ് കേരളത്തിന്റെ മൊത്തം സംസ്‌കാര സങ്കല്പങ്ങളുടെ ഭാഗമായതെന്ന് എത്ര ആലോചിട്ടും എനിക്ക് മനസിലാകുന്നില്ല.
സവര്‍ണതാ സങ്കല്പമല്ല സര്‍വകലാശാലാ അകത്തളങ്ങളില്‍ നിന്നുണ്ടാകേണ്ടത്. അടിയാളരും ദളിതരും തുടങ്ങിയ പാര്‍ശ്വവത്കൃത സമൂഹത്തിന്റെ പ്രതിനിധാനങ്ങള്‍ മറന്നുകൊണ്ട് ഒരു കാലത്തെ അധീശ വിഭാഗത്തിന്റെ ഉടയാട- സ്വഭാവങ്ങളും പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാക്കുന്നത് അംഗീകരിച്ചു നല്‍കാന്‍ കഴിയില്ല.
പതിനാറാം നുറ്റാണ്ടില്‍ ജീവിച്ചിരുന്ന മലയാള ഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ പേരിലാണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. ഭാഷാ പിതാവെന്നതിലുപരി കേരളത്തില്‍ അന്ന് നിലനിന്നിരുന്ന സവര്‍ണ ബോധങ്ങളെ തന്റെ കൃതികളിലൊളിപ്പിച്ച ആശയങ്ങളിലൂടെ വിമര്‍ശിച്ച വ്യക്തി കൂടിയാണദ്ദേഹം.
രചനകള്‍ തുടങ്ങുന്നതിനു മുമ്പ് ദൈവങ്ങള്‍ വരെ പേടിക്കുന്ന, ജന്മിവിഭാഗത്തിന്റെയും ബ്രാഹ്മണമേധാവിത്വത്തിന്റെയും അനുവാദത്തോടെ എഴുതാന്‍ തന്നെ അനുവദിക്കണമെന്ന വാക്യത്തോടെയാണ് എഴുത്തച്ഛന്‍ തന്റെ കൃതികള്‍ രചിച്ചു തുടങ്ങിയിരുന്നത്. അവര്‍ക്ക് വിധേയപ്പെടലായിരുന്നില്ല മറിച്ച് വരികള്‍ക്കിടയില്‍ ആ സാമൂഹ്യ വ്യവസ്ഥിതിയെ അനാവരണം ചെയ്യുകയായിരുന്നു എഴുത്തച്ഛന്‍.
സംസ്‌കൃതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഉത്തരീയമെന്ന പദത്തെ കൂടുതല്‍ പരിചിതമാക്കിയത് എഴുത്തച്ഛന്റെ പേരിലുള്ള സര്‍വകലാശാലയാണോ എന്ന കാര്യം വിമര്‍ശകര്‍ക്ക് വിടുന്നു. ശരിക്കും എന്താണ് ഉത്തരീയമെന്നുള്ള ചര്‍ച്ചകള്‍ സമൂഹത്തില്‍ നടത്തേണ്ടത് വളരെ അത്യാവശ്യമാണ്.
പ്രാചീന കേരളീയ സമൂഹത്തില്‍ ആഢ്യത്വവും സവര്‍ണ്ണ പൈതൃകവും ഉണ്ടെന്നവകാശപ്പെടുന്ന ജാതിക്കോമരങ്ങള്‍ ചാര്‍ത്തിയിരുന്ന വസ്ത്ര സങ്കല്പ്പങ്ങളിലൊന്നാണ് ഉത്തരീയം. ആ സങ്കല്‍പ്പത്തെ മലയാളിയുടെ പാരമ്പര്യ ബോധമാണെന്ന് കൊട്ടിഘോഷിക്കുന്നത് ചരിത്രം വളച്ചൊടിക്കുന്നതിന് തുല്യമാണ്.
മുമ്പും നടന്ന ബിരുദദാന ചടങ്ങുകളില്‍ ഇതേ രീതി പിന്തുടര്‍ന്ന് കണ്ട ഞാന്‍ ഒരിക്കലും ഉത്തരീയം ധരിച്ച് ബിരുദം സ്വീകരിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ചില വ്യവസ്ഥകള്‍ അനുസരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം വിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്കുണ്ട് എന്ന ബോധ്യത്തിന്റെ പുറത്തായിരുന്നു ആ തീരുമാനം.
അതുകൊണ്ടു തന്നെ ഇത്തരം സവര്‍ണ ചിഹ്നങ്ങള്‍ അണിഞ്ഞുകൊണ്ട് ബിരുദദാനം സ്വീകരിക്കാന്‍ ഞാന്‍ തയ്യാറായില്ല. ആദ്യം സഹബിരുദദാരികള്‍ക്ക് ചില ആശങ്കകള്‍ ഉണ്ടാക്കിയെങ്കിലും പിന്നീട് അവരില്‍ പലരും ഉത്തരീയത്തിന്റെ പിന്‍ബലമില്ലാതെ തന്നെ വേദിയിലേക്കെത്തിയപ്പോള്‍ മനസ്സിലായി ഈ വ്യവസ്ഥയില്‍ തൃപ്തരല്ലാത്ത വിഭാഗം സര്‍വകലാശാലക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ടെന്ന്. ഉത്തരീയമെന്ന സവര്‍ണ ചിഹ്നം ധരിക്കാതെ വേദിയിലെത്തിയവരെ മറ്റു വിദ്യാര്‍ഥികള്‍ കൈയ്യടിയോടെ സ്വീകരിച്ചതും ഇതിനുദാഹരണമാണ്.
അടിച്ചമര്‍ത്തലിന്റെയും ജാതിവ്യവസ്ഥയുടെയും പേരില്‍ ചൂഷണങ്ങള്‍ വേണ്ടതിലധികം അനുഭവിച്ച ജനതയാണ് കേരളീയ സമൂഹം. സാമൂഹിക പരിഷ്‌കരണങ്ങളുടെ ഭാഗമായിട്ടാണ് ജാതിയടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ക്ക് ഒരു അന്ത്യം വരുത്താന്‍ സാധിച്ചത്. ജന്മിക്കുമുന്നില്‍ കൈയ്യും കെട്ടി വിധേയപ്പെട്ടുനിന്ന അടിയാള വിഭാഗത്തിന്റെ ഉന്നമനം വളരെ ശ്രമകരമായ ജോലികളിലൊന്നായിരുന്നു.
സര്‍വകലാശാല വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ട് ജാതി-മത-ചിഹ്നങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന സാമൂഹിക പ്രക്രിയയ്ക്ക് തുടക്കം കുറിക്കുകയെന്നതാണ്.
എന്നാല്‍ ഇല്ലാത്ത പാരമ്പര്യത്തിന്റെ പേരില്‍ മണ്‍മറഞ്ഞ സവര്‍ണ ബോധങ്ങളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ഈ രീതികള്‍ ഇന്നും പിന്തുടരുന്ന സര്‍വ്വകലാശാലാ അകത്തളങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ആര്‍ക്കും തര്‍ക്കമില്ലാത്ത കാര്യമാണ്. മലയാളം സര്‍വകലാശാലയിലെ ബിരുദദാനത്തിന് സമാനമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച കേരള ആരോഗ്യ സര്‍വകലാശാലയുടെ ബിരുദാനന്തര ചടങ്ങ് സംബന്ധിച്ച നിര്‍ദേശവും.
ബ്രിട്ടീഷ് ഭരണത്തിന്റെ അവശേഷിപ്പുകളിലൊന്നായ ബിരുദദാന ചടങ്ങുകളിലെ ഗൗണും തൊപ്പിയും രാജ്യത്തെ മിക്ക സര്‍വകലാശാലകളും തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായി തന്നെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.
ഈ രീതി മാറ്റണമെന്ന് 2019ല്‍ യു.ജി.സി നിര്‍ദേശിച്ചതിന്റെ ഭാഗമായി കൊണ്ടുവന്നതാണ് ആരോഗ്യ സര്‍വകലാശാലയിലേതുള്‍പ്പടെയുള്ള മാറ്റങ്ങള്‍. കൊളോണിയല്‍ ചിഹ്നങ്ങള്‍ മാറ്റണമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഒരു വിഭാഗത്തെ അടക്കി ഭരിച്ച മേധാവിത്വ ശക്തികളുടെ അടയാളങ്ങളും കീഴ്‌വഴക്കങ്ങളും പൊളിച്ചു വാര്‍ക്കേണ്ട സമയം തന്നെയാണിത്. എന്നാല്‍ ഉടച്ചുവാര്‍ത്ത് വീണ്ടും അവരോധിക്കുന്നത് സ്വദേശി ഫ്യൂഡലിസത്തിന്റെയും സവര്‍ണ്ണ ബോധത്തിന്റെയും അടയാളങ്ങളെയാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.