തെലുങ്ക് സിനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ് 2018ല്‍ പുറത്തിറങ്ങിയ ഗൂഡാചാരി. അദിവി ശേഷ് എന്ന നടന്റെ ഗംഭീര പ്രകടനമാണ് ഗൂഡാചാരിയില്‍ കാണാന്‍ സാധിച്ചത്. സ്‌പൈ ത്രില്ലര്‍ ഴോണറില്‍ പെട്ട ചിത്രത്തിലെ ഓരോ ട്വിസ്റ്റും പ്രേക്ഷകനെ ഞെട്ടിക്കുന്നതായിരുന്നു. രാജ്യത്തെ സംരക്ഷിക്കാനായി നിര്‍മിച്ച ത്രിനേത്ര എന്ന ഏജന്‍സിയിലെ വിനോദ് എന്ന ഏജന്റിന്റെ കഥയാണ് ചിത്രം പറഞ്ഞത്.
രണ്ടാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് ഗൂഡാചാരി അവസാനിച്ചത്. കഴിഞ്ഞ വര്‍ഷം ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗത്തിലെ സ്റ്റില്ലുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഗൂഡാചാരിയുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് ഗൂഡാചാരി 2വിലെ ആറ് പ്രധാന മൊമന്റുകളുടെ സ്റ്റില്ലാണ് പുറത്തുവിട്ടിട്ടുള്ളത്. ‘സിക്‌സ് മൊമന്റ്‌സ് ഓഫ് ജി2’ എന്ന ഹാഷ് ടാഗോടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ബോളിവുഡ് സൂപ്പര്‍താരം ഇമ്രാന്‍ ഹാഷ്മിയും ചിത്രത്തിലുണ്ട്. നായകന്‍ അദിവി ശേഷും ഇമ്രാന്‍ ഫാഷ്മിയും ഒന്നിച്ചുള്ള ഫോട്ടോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ആദ്യ ഭാഗത്തിലെ പോലെ രണ്ടാം ഭാഗത്തിലും അദിവ് ശേഷിന്റെ കഥാപാത്രം പൊലീസിന്റെ പിടിയിലാകുന്നുണ്ട്. ചിത്രത്തിന്റെ ഹൈപ്പ് കൂട്ടുന്ന തരത്തിലാണ് പുറത്തുവിട്ട ഫോട്ടോസ്.
ചിത്രത്തിന്റെ ഷൂട്ട് ഏറെക്കുറെ പൂര്‍ത്തിയായെന്നും ഈ വര്‍ഷം അവസാനമോ, അടുത്ത വര്‍ഷം ആദ്യമോ ആയി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഭാഗത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് രാജും മധു ശാലിനിയും രണ്ടാം ഭാഗത്തിലുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
വെറും ആറ് കോടി ബജറ്റിലാണ് ഇന്റര്‍നാഷണല്‍ ക്വാളിറ്റിയില്‍ ഗൂഡാചാരി അണിയിച്ചൊരുക്കിയത്. തെലുങ്കില്‍ മാത്രം റിലീസായ ചിത്രം ബോക്‌സ് ഓഫീസില്‍ 50 കോടിക്കടുത്ത് കളക്ഷന്‍ നേടിയിരുന്നു. ആദ്യ ഭാഗത്തെക്കാള്‍ വലിയ ബജറ്റില്‍ ഒരുങ്ങുന്ന രണ്ടാം ഭാഗം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.
Content Highlight: Goodachari 2 update released by makers