തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെയ്ക്കുമെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കസ്റ്റംസ്.
കേസില്‍ ഇരുവരെയും പ്രതികളാക്കാന്‍ ആറുമാസങ്ങള്‍ക്ക് മുമ്പ് കസ്റ്റംസ് വിദേശകാര്യമന്ത്രാലയത്തോട് അനുമതി തേടിയിരുന്നു.
കോണ്‍സുലേറ്റ് ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിക്കുമാണ് കാരണം കാണിക്കല്‍ നോട്ടീസ് വിദേശകാര്യമന്ത്രാലയം വഴി അയച്ചത്.
ഇരുവര്‍ക്കുമെതിരെ ലഭിച്ച മൊഴികള്‍ ഉള്‍പ്പെടുത്തിയാണ് നോട്ടീസ് നല്‍കിയത്. പിടിച്ചെടുത്ത സ്വര്‍ണം കണ്ടുകെട്ടാതിരിക്കാനും നികുതി വെട്ടിച്ചതിന് പിഴ ഈടാക്കാതിരിക്കാനും കാരണം ബോധിപ്പിക്കണമെന്നാണ് നിര്‍ദേശം.
നോട്ടീസിന് 30 ദിവസത്തിനകം മറുപടി നല്‍കണം എന്നാണ് നിര്‍ദേശം. സ്വര്‍ണം പിടിച്ചതിനു പിന്നാലെ ഇരുവരും ഗള്‍ഫിലേക്ക് കടന്നിരുന്നു.
കഴിഞ്ഞ ജൂണ്‍ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. ജൂലായ് അഞ്ചിന് ഇതില്‍ പതിനാലരകോടി രൂപയുടെ സ്വര്‍ണം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.