കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് എതിരെ എറണാകുളം ജില്ലാ ജഡ്ജിക്ക് കത്തയച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ബന്ധിച്ചുവെന്നാണ് സന്ദീപ് നായര്‍ കത്തില്‍ പറയുന്നത്.
മന്ത്രിമാരുടെ പേര് പറയാനും ഒരു ഉന്നത നേതാവിന്റെ പേര് പറയാനും നിര്‍ബന്ധിച്ചു. ഇവരുടെ പേര് പറഞ്ഞാല്‍ ജാമ്യം നേടാന്‍ സഹായിക്കാം എന്നായിരുന്നു വാഗ്ദാനമെന്നും കത്തില്‍ പറയുന്നു.
മന്ത്രിമാരുടെ പേര് പറഞ്ഞില്ലെങ്കില്‍ ജീവിതകാലം മുഴുവാന്‍ ജയിലില്‍ കിടക്കാമെന്ന് ഭീഷണിപ്പെടുത്തിയതായും ഇ.ഡി ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണനാണ് തന്നെ നിര്‍ബന്ധം ചെലുത്തിയതെന്നും സന്ദീപ് കത്തില്‍ പറയുന്നു.
പേര് പറയാന്‍ തയ്യാറാകാത്തതിനാല്‍ ഉറങ്ങാന്‍ പോലും അനുവദിച്ചില്ല. സ്വര്‍ണക്കടത്തില്‍ പണം നിക്ഷേപിച്ചവരെക്കുറിച്ച് അന്വേഷിച്ചില്ല. ഇ. ഡി ഉദ്യോഗസ്ഥരില്‍ നിന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും സന്ദീപ് നായര്‍ കത്തില്‍ പറയുന്നു.
അതേസമയം കത്തില്‍ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ആരോപിക്കുന്നത്. സന്ദീപ് കസ്റ്റഡിയില്‍ ഉള്ളപ്പോള്‍ ഇത്തരം പരാതികള്‍ പറഞ്ഞിട്ടില്ലെന്നാണ് ഇ.ഡിയുടെ വിശദീകരണം.
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് നേരത്തെയും എന്‍ഫോഴ്‌സ്‌മെന്റിനെതിരെ പരാതി ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന തരത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖയായിരുന്നു പുറത്ത് വന്നത്.
കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ നിര്‍ബന്ധിച്ചുവെന്ന് വ്യക്തമാക്കുന്ന ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴിയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്നാണ് സ്വപ്ന സുരേഷിനോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞതെന്നും പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞിരുന്നു.
സ്വപ്നയുടെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ അതിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചിനായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക